ഇതു കുട്ടികളും പ്രാവും തമ്മിലുള്ള ചങ്ങാത്തത്തിന്റെ കഥ..
1491750
Thursday, January 2, 2025 1:14 AM IST
എരുമപ്പെട്ടി: സ്കൂളിൽ പറന്നെത്തിയ പ്രാവ് ആദ്യം കുട്ടികളുമായി സൗഹാർദത്തിലായി, പിന്നീട് ക്ലാസ് മുറിയിൽ കൂട് കൂട്ടി മുട്ടയിട്ട് അടയിരുന്നു. വരവൂർ ഗവ. എൽപി സ്കൂളിലെ മൂന്ന് സി ക്ലാസിലാണ് ഈ അപൂർവ കാഴ്ചയുള്ളത്.
ക്രിസ്മസ് അവധി കഴിഞ്ഞ് ക്ലാസ് മുറിയിലെത്തിയപ്പോഴാണ് കുട്ടികളും അധ്യാപകരും കൂടുകൂട്ടി അടയിരിക്കുന്ന പ്രാവിനെ കണ്ടത്.
അവധി ദിനങ്ങൾക്ക് മുമ്പ് തന്നെ പ്രാവ് ക്ലാസ് മുറിയിൽ പറന്ന് വരുമായിരുന്നു. കുട്ടികൾ ഭക്ഷണം നൽകുന്നതിനാൽ പ്രാവ് കൂട്ടികളുമായി ഇണക്കത്തിലായി. ഈ സൗഹൃദമായിരിക്കാം ക്ലാസ് മുറിയിൽ കൂട് കൂട്ടി മുട്ടയിടാൻ പ്രാവിന് പ്രേരണയായത്.
കുട്ടികൾ ഇരിക്കുന്ന ബെഞ്ചിനോട് ചേർന്നുള്ള മേശയ്ക്ക് മുകളിലാണ് പ്രാവ് കൂടുകൂട്ടിയിരിക്കുന്നത്. അധ്യാപകരും കുട്ടികളും അടുത്തേക്ക് ചെന്നാലും പറന്നു പോവുകയില്ല.
പ്രാവിനെ ശല്യപ്പെടുത്താതെയാണ് കുട്ടികൾ ക്ലാസ് മുറിയിൽ പഠനം നടത്തുന്നത്. ഈ കൗതുകമുള്ള കാഴ്ച കാണാൻ മറ്റു ക്ലാസിലെ കുട്ടികളും അധ്യാപകരും എത്തുന്നുണ്ട്. മുട്ടയിട്ട് അടയിരിക്കുന്നതിനാൽ ക്ലാസ് ടീച്ചർ സ്മിതയുടെ നേതൃത്വത്തിൽ ക്ലാസിലെ കുട്ടികൾ പ്രാവിന് സംരക്ഷണം നൽകുന്നുണ്ട്.