2500 ഒഴിവുകൾ, പ്രമുഖ കന്പനികളിൽ അപ്രന്റീസുകളാകാം
1491741
Thursday, January 2, 2025 1:14 AM IST
തൃശൂർ: സംസ്ഥാനത്തെ വിവിധ സർക്കാർ/പൊതുമേഖല/ സ്വകാര്യസ്ഥാപനങ്ങളിലെ 2500 ഒഴിവുകളിലേക്കു സാങ്കേതികവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കളമശേരി സൂപ്പർവൈസറി ഡവലപ്മെന്റ് സെന്ററും (എസ്ഡി സെന്റർ) ചെന്നൈയിലെ ദക്ഷിണമേഖല ബോർഡ് ഓഫ് അപ്രന്റീസ്ഷിപ് ട്രെയിനിംഗും ചേർന്നു നെടുപുഴ ഗവ. വനിതാ പോളിടെക്നിക് കോളജിൽ നാലിനു രാവിലെ ഒന്പതിന് അപ്രന്റീസുകളെ തെരഞ്ഞെടുക്കും.
മേളയിൽ കൊച്ചി മെട്രോ, കൊച്ചിൻ ഷിപ് യാർഡ്, എഫ്എസിടി, ദുബായ് പോർട്ട് വേൾഡ്, കൊച്ചി രാജ്യാന്തര വിമാനത്താവളം, ഹിന്ദുസ്ഥാൻ യൂണിലിവർ, കെൽട്രോൺ, കെഎസ്ഇബി, കണ്ണൂർ വിമാനത്താവളം തുടങ്ങി ഒട്ടേറെ സ്വകാര്യ, പൊതുമേഖലാ കമ്പനികൾ പങ്കെടുക്കും.
കോഴ്സ് പാസായി അഞ്ചുവർഷം കഴിയാത്തവർക്കും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവർക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ എസ്ഡി സെന്ററിൽ നാളെയ്ക്കുള്ളിൽ ഓൺലൈനായി (www.sdcentre.org) രജിസ്റ്റർ ചെയ്തശേഷം ഇ മെയിൽ മുഖേന ലഭിച്ച രജിസ്ട്രേഷൻ കാർഡും സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസലും പകർപ്പുകളും ബയോഡാറ്റയുടെ പകർപ്പുകളും സഹിതം നാലിനു രാവിലെ എട്ടിനു കൂടിക്കാഴ്ചയ്ക്കു ഹാജരാകണം. അപേക്ഷകർക്ക് ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളിൽ ഇന്റർവ്യൂവിനു പങ്കെടുക്കാം
പത്രസമ്മേളനത്തിൽ പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ വി.എ. ജ്ഞാനാംബിക, എസ്ഡി സെന്റർ അസിസ്റ്റന്റ് ഡയറക്ടർ സി.ആർ. സോമൻ, അസിസ്റ്റന്റ് ട്രെയിനിംഗ് ഓഫീസർ കെ.കെ. മണി, എ. ജയപ്രകാശ്, എസ്. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.