പോട്ട സുന്ദരിക്കവല സർവീസ് റോഡ് വീതികുറച്ച് ടാർ ചെയ്യാൻ ശ്രമം; നാട്ടുകാർ തടഞ്ഞു
1491398
Tuesday, December 31, 2024 8:15 AM IST
ചാലക്കുടി: പോട്ട സുന്ദരിക്കവല സർവീസ് റോഡ് വീതികുറച്ച് ടാർ ചെയ്യുന്നതു നാട്ടുകാർ തടഞ്ഞു. പോട്ട സുന്ദരിക്കവല സർവീസ് റോഡ് വീതി കൂട്ടൽ രണ്ടുമീറ്ററിൽ മാത്രം ഒതുക്കി നടത്താൻ ആരംഭിച്ച പണിയാണു തടഞ്ഞത്.
നേരത്തെ അഞ്ചര മീറ്റർ റോഡ് ഒഴിച്ചിട്ട് കാന നിർമിക്കാനുള്ള നീക്കം കൗൺസിലർ വത്സൻ ചമ്പക്കരയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു. പിന്നീട് നടന്ന ചർച്ചകളെത്തുടർന്ന് വീതി ഏഴുമീറ്ററാക്കി കാന നിർമിച്ചു.
ടാറിംഗ് പണികൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ബെറ്റ്മിക്സ് ഇടുന്നതിനായി റോഡ് കുഴിക്കുന്നത്. നിലവിലെ ടാറിംഗ് വീതി കഴിഞ്ഞ് രണ്ടര-മൂന്ന് മീറ്റർ ഭാഗം മാത്രമാണു റോഡ് കുഴിച്ച് ബലപ്പെടുത്തുവാനുള്ളത്. അത് രണ്ടു മീറ്ററാക്കിച്ചുരുക്കി ആകെ അഞ്ചുമീറ്റർ ടാർ ചെയ്യാനാണ് ഹൈവേ അഥോറിറ്റി ശ്രമിച്ചത്.
ഇങ്ങനെ വന്നാൽ രണ്ടുവരി ഗതാഗതം അസാധ്യമാവും. വൺവേ ട്രാഫിക് ഏർപ്പെടുത്തേണ്ടിവരും. അതിന് ഉദ്ദേശിച്ചഫലം കിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. മൂന്ന് മീറ്റർ റോഡ് ബലപ്പെടുത്തി അഴുക്കുചാലിൽ നിന്നും അഞ്ചര മീറ്റർ വീതിയിൽ റോഡ് പണി നടത്തണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
നിരവധി അപകടങ്ങൾക്കും മരണങ്ങൾക്കും ശേഷമാണ് സർവീസ് റോഡ് വീതി കൂട്ടി രണ്ടുവരിഗതാഗതം ഏർപ്പെടുത്താൻ തീരുമാനിച്ചത്.
കൗൺസിലർ വത്സൻ ചമ്പക്കര, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജു മേലേപ്പുറം, നന്മ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്് പോൾസൺ മേലേപ്പുറം, വിത്സരാജ്, വില്യംസ് തുടങ്ങിയവർ നേതൃത്വം നൽകി.
നഗരസഭ ചെയർമാൻ എബി ജോർജ് സ്ഥലംസന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.