ഗവ. എൻജിനീയറിംഗ് കോളജ്; അരനൂറ്റാണ്ടിന്റെ അനുഭവങ്ങൾ പങ്കിട്ട് മെക്കാനിക്കൽ വിഭാഗം
1491136
Monday, December 30, 2024 7:31 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഗവ. എൻജിനീയറിംഗ് കോളജിലെ മെക്കാനിക്കൽ വിഭാഗം പൂർവവിദ്യാർഥികളുടെ ആഗോള സംഗമം നടന്നു. മില്ലേനിയം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഞ്ഞൂറോളം പൂർവവിദ്യാർഥികൾ പങ്കെടുത്തു. മറ്റുള്ളവർ ഓണ്ലൈനായും പങ്കെടുത്തു. കോളേജിൽ പ്രവേശനം തുടങ്ങിയ 1957 മുതൽ 2024 വരെയുള്ള ബിരുദ, ബിരുദാനന്തരബിരുദ, ഗവേഷണ വിദ്യാർഥികളാണ് സംഗമത്തിനെത്തിയത്.
കോളജ് പ്രിൻസിപ്പൽ ഡോ. കെ. മീനാക്ഷി ഉദ്ഘാടനംചെയ്തു. റോയൽ ടൈംസ് എന്ന മെക്കാനിക്കൽ വിഭാഗം വാർത്താപത്രികയുടെ ആദ്യ പതിപ്പും പുറത്തിറക്കി. മെക്കാനിക്കൽ വിഭാഗത്തിലെ പൂർവവിദ്യാർഥിയും നടനുമായ ടി.ജി. രവി ആദ്യപ്രതി സ്വീകരിച്ചു. മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. രാജേഷ് വഞ്ചിപ്പുര, മുൻമേധാവികളായ പ്രഫ.ടി. കൃഷ്ണകുമാർ, ഡോ.സി.പി. സുനിൽകുമാർ, മുൻ അധ്യാപകരായ പ്രഫ.എ. രാജൻ ബാബു, ഡോ. സോയ, ഡോ.പി.എ. അബ്ദുൽ സമദ്, പൂർവവിദ്യാർഥി സംഘടന സെക്രട്ടറി ഡോ.എ.കെ. മുബാറക്ക്, പൂർവവിദ്യാർഥികളായ ജോർജ് ജെ. വിൻസെന്റ്, കോളജിലെ ആദ്യ വനിതാ മെക്കാനിക്കൽ എൻജിനീയർ കെ.ജെ. വിജയമ്മ, ഏറ്റവും പുതിയ വനിത മെക്കാനിക്കൽ എൻജിനീയർ വൈഭവി ജി. റാവു, ഡോ.എ.എസ്. സുനിൽ, ഡോ.സി. സജിത്ബാബു എന്നിവർ പ്രസംഗിച്ചു.
1957 മുതൽ അറുപത്തേഴുവർഷംനീണ്ട കാലയളവിൽ വിവിധ രംഗങ്ങളിൽ പ്രശസ്തരായ ഒട്ടേറെപ്പേരെ മെക്കാനിക്കൽ വിഭാഗം സംഭാവനചെയ്തു. നടൻ ടി.ജി. രവി, ഇന്ത്യൻ ഹോക്കി ഒളിന്പിക്സ് ടീം സെലക്ഷൻ ക്യാന്പുവരെ എത്തിയ സി.എ. അയ്യപ്പ, സാം സന്തോഷ്- സ്ട്രാറ്റജിക് അഡ്വൈസർ, കെജിഡിസി, അമിത്, ജിതിൻ റഹ്മാൻ, മീര- ഐഎഎസ്, ശ്രീനിവാസൻ കൃഷ്ണൻ-ഐഐഎസ്, ശ്രീരാഗ്, ഷെഹൻഷാ- ഐപിഎസ്, അബ്ദുൽ ഹക്കീം- ഐആർഎസ്, കവി പി.ബി. ഹൃഷികേശൻ, സംവിധായകൻ കെ.എസ്. നാരായണൻ, എംആർപിഎൽ മുൻ ഡയറക്ടർ എം. വിനയകുമാർ, കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.കെ.കെ. സാജു തുടങ്ങിയവർ ഇതിലുൾപ്പെടും.