പോട്ട സുന്ദരിക്കവല സർവീസ് റോഡ് പണിതുടരാൻ തടസങ്ങൾ ഒഴിവാക്കണമെന്ന് നിർമാണ കമ്പനി
1491606
Wednesday, January 1, 2025 6:07 AM IST
ചാലക്കുടി: പോട്ട ആശ്രമം ജംഗ് ഷനിൽനിന്നും സുന്ദരിക്കവല വരെയുള്ള സർവീസ് റോഡിന്റെ നിർമാണം പൂർത്തിയാക്കാനുള്ള പ്രവൃത്തികൾ, നിലവിൽ ഇവിടെ ഉണ്ടായിട്ടുള്ള തടസങ്ങൾ ഒഴിവാക്കിയാൽ മാത്രമേ തുടരാൻ കഴിയൂവെന്ന് നിർമാണ കമ്പനി നഗരസഭ ചെയർമാനെ രേഖാമൂലം അറിയിച്ചു.
സർവീസ് റോഡിന്റെ വീതി കൂട്ടി ഇരുഭാഗത്തേക്കും വാഹനങ്ങൾ പോകാൻ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി ഡ്രൈനേജിന്റെ നിർമാണം ആരംഭിക്കുന്ന അവസരത്തിൽ 5.5 മീറ്റർ വീതിയിൽ ടാറിംഗ് കഴിഞ്ഞുള്ള ഭാഗത്താണു നിർമാണം നടത്താ ൻ നിശ്ചയിച്ചിരുന്നത്. നഗരസഭ ചെയർമാന്റെ രേഖാമൂലമുള്ള ആവശ്യം പരിഗണിച്ച്, നിലവിൽ 5.5 മീറ്റർ റോഡ് കഴിഞ്ഞ് നിർമിക്കാൻ തീരുമാനിച്ചിരുന്ന ഡ്രൈനേജ്, ഏഴു മീറ്റർ റോഡ് കഴിഞ്ഞ് നിർമിക്കുകയാണ് ചെയ്തത്. ഭാവിയിൽ റോഡിന്റെ വികസനം പ്രതീക്ഷിച്ചാണ് ഇത്തരത്തിൽ റോഡിന് ഏഴു മീറ്റർ വീതിയിട്ട് ഡ്രൈനേജ് നിർമാണം ആരംഭിച്ചത്.
ഏഴുമീറ്റർ വീതിയിൽതന്നെ ഇപ്പോൾ ടാറിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ വൽസൻ ചമ്പക്കരയും ചിലരും ചേർന്ന് റോഡ് നിർമാണം തടസപ്പെടുത്തിയ സാഹചര്യത്തിലാണു നേരത്തേ നിശ്ചയിച്ച പ്രകാരം 5.5 മീറ്റർ വീതിയിൽ മാത്രമേ ഇപ്പോൾ ടാറിംഗ് നടത്താൻ കഴിയൂവെന്നും മുഴുവൻ വീതിയിലും ഇപ്പോൾ ടാറിംഗ് നടത്തണമെങ്കിൽ ഒരുകോടി രൂപയോളം അധികമായ് ചെലവുവരുമെന്നും ഇതിന് എൻഎച്ച്എഐ യുടെ അനുമതി ലഭിച്ചാൽ മാത്രമേ സാധിക്കൂവെന്നും കിട്ടാൻ കാലതാമസം ഉണ്ടാകുമെന്നും അതുവരെ റോഡ് നിർമാണം തടസപ്പെടുത്തരുതെന്നും തടസ ങ്ങൾ ഒഴിവാക്കിയാലേ നിലവിലുള്ള പ്രവൃത്തികൾ തുടരൂയെ ന്നും കരാർ കമ്പനി ചെയർമാനെ രേഖാമൂലം അറിയിച്ചത്.
ബെന്നി ബെഹനാൻ എംപിയും സനീഷ്കുമാർ ജോസഫ് എംഎൽഎയും ദേശീയപാത അധികൃതരുമായ് ബന്ധപ്പെട്ടപ്പോൾ ആശ്രമം ജംഗ്ഷനിൽ വെ ഹിക്കിൾ അണ്ടർ പാസേജ് നിർമാണം ടെൻഡർ നടപടികൾ കഴിഞ്ഞ സാഹചര്യത്തിൽ ആറു വരിപ്പാത നിർമാണം തുടങ്ങാനിരിക്കെ ഇപ്പോൾ നടത്തുന്ന നിർമാണം മുൻപ് നിശ്ചയിച്ചതുകൊണ്ട് മാത്രം ചെയ്യുന്നതാണെന്ന മറുപടിയാണു നൽകിയത്.
ഇനി പ്രവൃത്തികൾ ആരംഭിക്കണമെങ്കിൽ മെഷിനറിയുടെ വാടകസഹിതം ഉണ്ടായ നഷ്ടങ്ങൾ കണക്കാക്കണമെന്നും ചെയർമാൻ രേഖാമൂലം ഉറപ്പുനൽകണ മെന്നും ജിഐപിഎൽ കമ്പനി ചെയർമാനു നൽകിയ കത്തിൽ പറയുന്നു.