മാന്ദാമംഗലത്ത് ടയർ കന്പനിയിൽ തീപിടിത്തം
1491411
Tuesday, December 31, 2024 8:15 AM IST
പുത്തൂർ: മാന്ദാമംഗലം കിട്ടിങ്ങിൽ ടയർ കമ്പനിയിലുണ്ടായി തീപിടിത്തത്തിൽ ലക്ഷങ്ങളുടെ റബർ കത്തിനശിച്ചു. പുത്തൂർ കൈനൂർ സ്വദേശി പുഷ്കരന്റെ ഉടമസ്ഥതയിലുള്ള ടെക്സ് കമ്പനിയിലാണ് ഇന്നലെ പുലർച്ചെ നാലരയോടെ തീപിടിത്തമുണ്ടായത്. തൃശൂർ, പുതുക്കാട് എന്നിവിടങ്ങളിൽനിന്നു നാല് യൂണിറ്റ് അഗ്നിരക്ഷാസേന എത്തി ഒന്നര മണിക്കൂർകൊണ്ട് നിയന്ത്രണവിധേയമാക്കി.
ടയർ കമ്പനിയിലെ പിൻവശത്തെ ചുവർ പൊളിച്ചാണ് അഗ്നിരക്ഷാസേന അകത്തുകടന്നത്. കമ്പനിയുടെ അകത്ത് ഉണ്ടായിരുന്ന പാചക വാതക സിലിണ്ടർ സുരക്ഷിതമായി പുറത്തേക്ക് മാറ്റിയതിനാൽ വൻ അപകടം ഒഴിവായി.
ടയറിന്റെ റിസോളിംഗ് ഭാഗങ്ങൾ ഉണ്ടാക്കുന്ന കമ്പനി ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ പ്രവർത്തിച്ചിരുന്നു. അഗ്നിബാധയുണ്ടായ സമയത്ത് ഇതര സംസ്ഥാന തൊഴിലാളി മാത്രമാണ് ഉണ്ടായിരുന്നത്. ഇയാൾ നൽകിയ വിവരത്തെ തുടർന്നാണ് ഉടമ വിവരം അറിഞ്ഞത്.
ഫയർ ഫോഴ്സ് തൃശൂർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽ കുമാർ, സീനിയർ ഫയർ റസ്ക്യു ഓഫീസർ സജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒല്ലൂർ എസിപി സുധീരന്റെ നേതൃത്വത്തിൽ പോലീസും സംഭവസ്ഥലത്ത് എത്തിയിരുന്നു.