ദേവാലയങ്ങളില്‍ തിരുനാളാഘോഷം
1491611
Wednesday, January 1, 2025 6:07 AM IST
ചിറ്റാട്ടുകര സെന്റ്
സെബാസ്റ്റ്യൻ ദേവാലയം
കമ്പിടി തിരുനാളിന് കൊടികയറി. തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് അത്താണി പോപ്പ് ജോൺപോൾ പീസ് ഹോം ഡയറക്ടർ ഫാ. ജോൺസൺ ചാലിശേരി കൊടിയേറ്റം നിർവഹിച്ചു. വികാരി ഫാ. വിൽസൺ പിടിയത്ത്, ഫാ. ജയ്സൺ പുതുപ്പള്ളിൽ എന്നിവർ സഹകാർമികരായി. തിരുനാൾദിനംവരെ രാത്രി ഏഴിന് വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ അമ്പ് എഴുന്നള്ളിപ്പുകൾ ഉണ്ടാകും. അഞ്ചു മുതല്‍ ഏഴുവരെയാണ് പ്രധാന തിരുനാൾ ആഘോഷം. അഞ്ചിന് രാത്രി 7.30ന് തിരുനാൾ ദീപാലങ്കാരം മുരളി പെരുനെല്ലി എംഎൽഎ സ്വിച്ച്ഓൺ ചെയ്യും. തേങ്ങാവിളക്ക് പാവറട്ടി സെന്റ് ജോസഫ്സ് തീർഥകേന്ദ്രം റെക്ടർ ഫാ. ആന്റണി ചെമ്പകശേരിയും പിണ്ടിവിളക്ക് പാവറട്ടി സെന്റ് തോമസ് ആശ്രമം പ്രിയോർ ഫാ. ജോസഫ് ആലപ്പാട്ടും തെളിയിക്കും.
തിരുനാൾദിനങ്ങളിൽ പ്രസുദേന്തിവാഴ്ച, വേസ്പര, ദീപകാഴ്ച, ആകാശവിസ്മയം, അമ്പ് എഴുന്നള്ളിപ്പുകൾ, തിരുനാൾ കുർബാന, പ്രദക്ഷിണം, ബാൻഡ് ഫെസ്റ്റ്, വർണമഴ എന്നിവയും ഉണ്ടാകും. കൈക്കാരന്മാരായ ജോൺസൺ നീലങ്കാവിൽ, സി.കെ. സെബി, സി.എ. ടോണി, തിരുനാൾ ജനറൽ കൺവീനർ പി.ഡി. ജോസ്, ജോയിന്റ് കൺവീനർ പി.വി. പീയൂസ് തുടങ്ങിയവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വംനൽകും.
എറവ് കപ്പൽപള്ളി
ഇടവക മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്തതിരുനാള്‍ മൂന്നു മുതല്‍ ആറുവരെ തീയതികളിൽ നടക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മൂന്നിനാണു റോസാപ്പൂ തിരുനാൾ. അന്നു വൈകീട്ട് നാലിന് പള്ളിനടയിൽ റോസാപ്പൂ വിതരണം. 4.30നു പ്രസുദേന്തി വാഴിക്കൽ, ആഘോഷമായ ദിവ്യബലി, റോസാപ്പൂക്കൾ വെഞ്ചരിക്കൽ. ലദീഞ്ഞ്, നൊവേന, ലിസ്യൂവിൽനിന്നു കൊണ്ടുവന്ന വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പ് വണക്കം. രാമനാഥപുരം രൂപത ബിഷപ് മാർ പോൾ ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. വികാരി ഫാ. റോയ് ജോസഫ് വടക്കൻ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് മാളിയേക്കൽ എന്നിവർ സഹകാർമികരാകും.
വൈകീട്ട് 6.45നു ദീപക്കപ്പലും ദീപപ്പന്തലും ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ് സ്വിച്ച് ഓൺ ചെയ്യും. രാത്രി 7.30നു കൈപ്പിള്ളി ഉണ്ണിമിശിഹ പള്ളിയിൽനിന്ന് പുഷ്പക്കുരിശ് എഴുന്നള്ളിപ്പ് ആരംഭിക്കും.
നാലിനു വിശുദ്ധ സെബസ്ത്യാനോസിന്റെ അന്പ് തിരുനാൾ പുലർച്ചെ 5.45നു ദിവ്യബലി. ഏഴിന് ആഘോഷമായ ദിവ്യബലി, നൊവേന, വിശുദ്ധ കൊച്ചുത്രേസ്യയുടെ കുഞ്ഞുടുപ്പ് സമർപ്പണവും കുഞ്ഞുങ്ങൾക്ക് ആശീർവാദവും. മാതൃവേദിയുടെ നേതൃത്വത്തിൽ രണ്ട് അനാഥാലയങ്ങളിലേക്ക് ധനസഹായം നല്‍കും. തൃശൂർ മേരിമാത മേജർ സെമിനാരി റെക്ടർ ഫാ. സെബാസ്റ്റ്യൻ ചാലയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്നു വീടുകളിലേക്കുള്ള അന്പ് എഴുന്നള്ളിപ്പുകൾ രാത്രി പത്തിനു സമാപിക്കും.
അഞ്ചിനു രാവിലെ ആറിനും എട്ടിനും ദിവ്യബലി. രാവിലെ 9.30നു വീടുകളിൽനിന്ന് ജില്ലയിലെ വിവിധ അനാഥാലയങ്ങളിലേക്കുള്ള സ്നേഹത്തിന്റെ പൊതിച്ചോറ് സമർപ്പണം. പത്തിന് ആഘോഷമായ തിരുനാൾ ദിവ്യബലി. ഫാ. ജിതിന് വടക്കേൽ (ഫരീദാബാദ് രൂപത) മുഖ്യകാർമികത്വം വഹിക്കും. ഫാ. ഡയസ് ആന്റണി വലിയമരത്തുങ്കൽ (കോട്ടപ്പുറം രൂപത) തിരുനാൾ സന്ദേശം നല്‍കും. വൈകീട്ടു നാലിനു ദിവ്യബലി. തൃശൂർ അതിരൂപത സാന്ത്വനം അസിസ്റ്റന്റ് ഡയറക്ടറും ഇടവകാംഗവുമായ ഫാ. ഡിക്സൺ കൊളന്പ്രത്ത് കാർമികത്വം വഹിക്കും. തുടർന്നു പ്രദക്ഷിണം. സമാപനാശീർവാദം, തിരുമുറ്റ ബാൻഡ് വാദ്യ സൗഹൃദമത്സരം. ആറിനു മരിച്ചവർക്കുവേണ്ടിയുള്ള കുർബാന, ഒപ്പീസ്, കണ്ടശാംകടവ് ഫൊറോന വികാരി ഫാ. ജോസ് ചാലയ്ക്കൽ കാർമികത്വം വഹിക്കും. രാത്രി ഏഴിന് ഗാനമേളയും നടക്കും. പത്രസമ്മേളനത്തിൽ വികാരി ഫാ. റോയ് ജോസഫ് വടക്കൻ, ജെന്സന് ജെയിംസ്, വര്‍ഗീസ് പ്ലാക്കന്, എ.ജെ. വിന്‍സണ്‍ എന്നിവര്‍ പങ്കെടുത്തു.
തലോർ ഉണ്ണിമിശിഹാ
ഇടവക ദേവാലയം
പരിശുദ്ധ ഉണ്ണിമിശിഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ അന്തോണീസിന്റെയും സംയുക്ത തിരുനാൾ 11, 12 തീയതികളിൽ ആഘോഷിക്കും. മൂന്നിന് വികാരി ഫാ. ജോഷി വെണ്ണാട്ടുപറന്പിൽ കൊടിയേറ്റകർമം നിർവഹിക്കും.
നാലുമുതൽ പത്തുവരെ ഇടവക പള്ളിയിൽ രാവിലെ ആറിന് തിരുനാൾ വിശുദ്ധ കുർബാന, ഉണ്ണിമിശിഹാ പള്ളിയിൽ വൈകിട്ട് 5. 30 നു ജപമാല, ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, പ്രസുദേന്തി വാഴ്ച, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും. 11 ന് രാവിലെ ഉണ്ണിമിശിഹാ പള്ളിയിൽ നവനാൾ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവയും നടക്കും. വൈകുന്നേരം കണ്ണംകുളങ്ങര വികാരി ഫാ. ജിയോ ചെരടായി ആഘോഷമായ വേസ്പര ശുശ്രൂഷ നിർവഹിക്കും.
തുടർന്ന് അന്പ് എഴുന്നള്ളിപ്പ്. തിരുനാൾ ദിനമായ 12ന് ഫാ. ജോഷി പെരിഞ്ചേരി തിരുനാൾ പാട്ടുകുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കും. തങ്ങാലൂർ ഇടവക സഹവികാരി ഫാ. സാൽവിൻ കണ്ണനായ്ക്കൽ സന്ദേശം നൽകും. വൈകീട്ട് നാലിന് വിശുദ്ധ കുർബാന, പ്രദിക്ഷണം, ഫാൻസി വെടിക്കെട്ട് എന്നിവ ഉണ്ടായിരിക്കും.
വികാരി ഫാ. ജോഷി വെണ്ണാട്ടുപറന്പിൽ, സഹവികാരി ഫാ. അരുണ്‍ കാഞ്ഞിരത്തിങ്കൽ, കൈക്കാരന്മാരായ സ്റ്റാൻലി മഞ്ഞിയിൽ, വിൻസെന്റ് പെരിഞ്ചേരി, സണ്ണി കാഞ്ഞാണി, റീഫിൻ കുന്നത്ത്, തിരുന്നാൾ ജനറൽ കണ്‍വീനർ ഡേവിസ് കുറ്റിക്കാട്ട്, പബ്ലിസിറ്റി കണ്‍വീനർ ജോസഫ് ആന്റോ തുടങ്ങിയവരാണ് തിരുനാൾ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.