ചാലക്കുടി മേഖല ശാസ്ത്രകേന്ദ്രം തുറന്നില്ല
1491601
Wednesday, January 1, 2025 6:07 AM IST
ചാലക്കുടി: പനമ്പിള്ളി കോളജിനുസമീപം വർഷങ്ങൾക്കുമുന്‍പ്് ഉദ്ഘാടനം നടത്തിയ ചാലക്കുടി മേഖല ശാസ്ത്രകേന്ദ്രം പൊതുജനങ്ങൾക്കായി ഇനിയും തുറന്നു നല്‍കിയില്ല. 2016ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കേ യുഡിഎഫ് സർക്കാരാണു ചാലക്കുടി മേഖല ശാസ്ത്രകേന്ദ്രം നിർമിക്കുന്നതിനായി 28 കോടി രൂപ അനുവദിച്ചത്. 2021 ഫെബ്രുവരി 16ന് മുഖ്യമന്ത്രി പിണ റായി വിജയൻ ഓൺലൈനായി ഉദ് ഘാടനം നിർവഹിച്ച ഈ മേഖല ശാസ്ത്ര കേന്ദ്രത്തിന്റെ ചോർച്ച ഉൾപ്പടെയുള്ള അപാകതകൾ പരിഹരിക്കുവാൻ സാധിക്കാത്തതിനാൽ പൊതുജനങ്ങൾക്ക് തുറന്നു നൽകാൻ കഴിഞ്ഞിട്ടില്ല.
കെട്ടിടത്തിന്റെ മുകൾവശത്ത അക്വസ്റ്റിക്സ് പൂർണമായും മഴ പെയ്താൽ ചോരുന്ന അവസ്ഥയാണ്. നിർമാണത്തിലെ അപാകതയാണു കാരണം. ഇതു പരിഹരിക്കാത്തതിനാൽ ഏഴുകോടിരൂപ ചെലവിൽ ഇറക്കുമതി ചെയ്ത പ്രൊജക്ടർ സിസ്റ്റവും അനുബന്ധ സാമിഗ്രികളും സ്ഥാപിക്കുവാൻ സാധിയ്ക്കാത്ത നിലയിലയിൽ കേന്ദ്രത്തിൽ വെറുതെ ഇരിക്കയാണ്. നിർമാണ അപാകതകൾ പരിഹരിച്ച് ശാ സ്ത്രകേന്ദ്രം പൊതുജനങ്ങൾക്കു തുറന്നുനല്‍കണമെന്ന് സനീഷ്കുമാർ ജോസഫ് എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ നടന്ന യോഗത്തിൽ 2022 മേയ് മാസത്തിൽ പ്രശ്നം പരിഹരിക്കുമെന്നും പൊതുജനങ്ങൾക്കു തുറന്നുനല്‍കുമെന്നും മന്ത്രി ആർ. ബിന്ദു ഉറപ്പ് നൽകിയിരുന്നുവെങ്കിലും നാളിതുവരെയായും നടപ്പിലായില്ല. ആയിരക്കണക്കിനു ശാസ്ത്ര അഭിരുചിയുള്ള വിദ്യാർഥികൾക്കു പ്രചോദനമായി മാർഗനിർദേശം നൽകേണ്ടിയിരുന്ന ഈ സ്ഥാപനം നിശ്ചലമായിരിക്കയാണ്.
ചീഫ് ടെക്നിക്കൽ എക്സാമിനറുടെ നേതൃത്വത്തിൽ പരിശോധന നടത്തി ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപാകതകൾ പരിഹരിക്കുവാൻ മന്ത്രിയുടെ സാന്നിധ്യത്തിൽ തീരുമാനിച്ചിരുന്നതാണ്. എന്നാൽ രണ്ടുവർഷംമുന്പ്് റിപ്പോർട്ട് ലഭ്യമായിട്ടും നിർമാണത്തിലെ അപാകതകൾ പരിഹരിക്കുവാനായിട്ടില്ല.
ഉദ്ഘാടനം ചെയ്ത് രണ്ടുവർഷമായിട്ടും മേഖല ശാസ്ത്രകേന്ദ്രത്തിന് ചാർജ് ഓഫീസറെ നിയമിക്കുവാനും സർക്കാരിനായിട്ടില്ല. ഇന്നൊവേഷൻ ഹബിനുവേണ്ടി കേന്ദ്രസർക്കാർ അനുവദിച്ച നാലുകോടി രൂപ നഷ്ടമായി. ശാസ്ത്രകേന്ദ്രം ഇപ്പോൾ അനാഥമായി കിടക്കുകയാണ്.