കുട്ടിക്കൊലയാളികൾ തൃശൂരിൽ ഇതാദ്യമല്ല
1491738
Thursday, January 2, 2025 1:14 AM IST
തൃശൂർ: നഗരത്തെ നടുക്കുന്ന കൊലപാതകങ്ങളിൽ കുട്ടികൾ പ്രതികളാകുന്നത് ഇതാദ്യമല്ല. മുൻപും പലതവണ ഇത്തരം സംഭവങ്ങൾ തൃശൂരിൽ അരങ്ങേറിയിട്ടുണ്ട്.
2023 നവംബറിൽ തൃശൂർ റെയിൽവേ സ്റ്റേഷനു പടിഞ്ഞാറുവശത്തെ കവാടത്തിനരികെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയതിനു 15കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നുള്ള പോലീസ് അന്വേഷണത്തിലാണ് നടുക്കുന്ന വിവരങ്ങൾ പോലീസ്പോലും അറിഞ്ഞത്. 18 വയസിനു താഴെയുള്ളവരാണു പല ഗുണ്ടാ, ലഹരിമാഫിയകളിലും പ്രവർത്തിക്കുന്നത്. ആൺകുട്ടികൾമാത്രമല്ല, ഈ പ്രായത്തിലുള്ള പെൺകുട്ടികളും ഇവരുടെ കൂട്ടത്തിലുണ്ട്. പണവും ആഡംബരജീവിതവുമാണ് ഇവരുടെ മോഹവലയം.
മുന്പ് കുരിയച്ചിറയിൽ നടന്ന സ്വർണം പിടിച്ചുപറിക്കേസിൽ അറസ്റ്റിലായതു 17കാരനും 19കാരനുമാണ്. തൃശൂരിലെ ഹാൾ മാർക്കിംഗ് സ്ഥാപനത്തിൽനിന്നു കൊടുത്തയച്ച സ്വർണാഭരണങ്ങളാണ് ഇരുവരും ചേർന്നു തട്ടിയെടുത്തത്. പൂമലയില് ഹോട്ടലിനും വീടിനും നേരേ പെട്രോള്ബോംബെറിഞ്ഞ കേസിൽ പിടിയിലായ എട്ടംഗസംഘത്തിലെ ഒരുവൻ 17കാരനായിരുന്നു.
തൃശൂർ നഗരത്തിലെ ഒരു സ്കൂളിലെത്തിയ പൂർവവിദ്യാർഥി ലഹരിക്കടിമപ്പെട്ട് തോക്കുചൂണ്ടി അതിക്രമം കാട്ടിയതും 2023ലാണ്. പഠിക്കുന്ന കാലംമുതലേ ആ കുട്ടി ലഹരിക്കടിമപ്പെട്ടിരുന്നതായാണ് അധ്യാപകർ അന്നു വെളിപ്പെടുത്തിയത്.
കൗമാരക്കാരെ വഴിതെറ്റിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നതു വഴിപിഴച്ച ജീവിതസാഹചര്യങ്ങളും ലഹരിയും സിനിമയുമാണെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സിനിമകളിലെ നായകന്മാരെയും വില്ലന്മാരെയും അവർ അനുകരിക്കാൻ ശ്രമിക്കുന്നു. മാതാപിതാക്കൾ തമ്മിലുള്ള അനൈക്യവും അവർക്കു കുട്ടികളോടുള്ള സമീപനവും ചുറ്റുപാടുകളും അവരുടെസ്വഭാവരൂപീകരണത്തെ ഒരുപാടു സ്വാധീനിക്കുന്നു. എത്രയോ ആൺ, പെൺകുട്ടികളാണു സിന്തറ്റിക് ഡ്രഗുകൾക്കുപോലും അടിമപ്പെടുന്നത്, അതിന്റെ വില്പനക്കാരാകുന്നത്. ലഹരിയിൽ സ്വന്തം മാതാപിതാക്കളെയും രക്ഷിതാക്കളെയുമെല്ലാം അവർ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതുമായ സംഭവങ്ങളുമെല്ലാം നടക്കുന്നു.
പോലീസ് സ്റ്റേഷനുകളിൽ
കേസുകളുടെ കൂന്പാരം
സ്വന്തം ലേഖകൻ
തൃശൂർ: കർശനമായ മുന്നറിയിപ്പുകൾ നൽകിയിട്ടും പുതുവത്സരാഘോഷം അതിരുകടന്നതോടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകളുടെ കൂന്പാരം. പുഴയ്ക്കലിൽ വാഹനപരിശോധനയ്ക്കിടെ യുവാവിന്റെ ബൈക്കിടിച്ചു പോലീസുകാരനു ഗുരുതരപരിക്കുമേറ്റു. മദ്യവില്പന, മയക്കുമരുന്ന് ഉപയോഗം, മദ്യപിച്ചുള്ള വാഹനമോടിക്കൽ എന്നിവയ്ക്കായി കർശനപരിശോധനയുണ്ടാകുമെന്ന് അറിയിപ്പുണ്ടായിട്ടും തൃശൂർ സിറ്റി പോലീസിനുകീഴിലെ ഇരുപതോളം സ്റ്റേഷനുകളിൽ ഇന്നലെ ഒറ്റദിവസംമാത്രം നൂറിലേറെ കേസുകളാണ് എടുത്തത്. മദ്യപിച്ചു വാഹനമോടിച്ചതിനാണ് ഏറ്റവും കൂടുതൽ എഫ്ഐആർ.
മദ്യപിച്ചു വാഹനമോടിച്ചവരെ കണ്ടെത്താൻ എല്ലാ സ്റ്റേഷനുകളിലും കർശനനിർദേശം നൽകിയിരുന്നു. ന്യൂ ഇയർ പാർട്ടികളിലെ മയക്കുമരുന്നുവില്പന കണ്ടെത്താൻ ഷാഡോ പോലീസിനെയും നിയോഗിച്ചിരുന്നു. ഇന്നലെ ഒറ്റദിവസംമാത്രം വെസ്റ്റ് പോലീസ് മുപ്പതോളം കേസുകളാണ് എടുത്തത്. ഇതിലേറെയും മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിനും മദ്യപിച്ചു വഴക്കുണ്ടാക്കിയതിനുമാണ്. ഈസ്റ്റ്, ഒല്ലൂർ സ്റ്റേഷൻ പരിധിക്കുളളിൽ ഇരുപതോളം കേസുകളും ഗുരുവായൂർ പോലീസ് പതിനെട്ടു കേസുകളുമെടുത്തു. മണ്ണുത്തി സ്റ്റേഷൻ പരിധിയിൽ പതിനഞ്ചോളം കേസുകളും വിയ്യൂർ, കുന്നംകുളം, ചേലക്കര, വടക്കേക്കാട് സ്റ്റേഷനുകളിൽ ശരാശരി പത്തു കേസുകളെടുത്തു.
ബൈക്ക് ഇടിച്ച്
പോലീസുകാരനു
പരിക്ക്;
യുവാവ്
കസ്റ്റഡിയിൽ
അയ്യന്തോൾ: പുഴയ്ക്കലിൽ വാഹനപരിശോധനയ്ക്കിടെ ബൈക്ക് നിയന്ത്രണംവിട്ട് ഇടിച്ചു പോലീസുകാരനു പരിക്കേറ്റു. തൃശൂർ വെസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ റൂബിൻ ആന്റണിക്കാണു പരിക്ക്.
കാലിലും കൈക്കും പരിക്കേറ്റ ഉദ്യോഗസ്ഥനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈകാലുകളിലായി മൂന്ന് ഒടിവുണ്ട്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
വാഹനമോടിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുതുവത്സരത്തിന്റെ ഭാഗമായി പുഴയ്ക്കലിൽ പരിശോധന നടത്തുന്നതിനിടെയാണ് അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചത്. ബൈക്ക് നിർത്താൻ ആവശ്യപ്പെട്ട് അകലെനിന്നു പോലീസ് കൈകാട്ടിയെങ്കിലും നിർത്തിയില്ല. തുടർന്നു നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. യുവാവ് മദ്യപിച്ചിരുന്നെന്നും സൂചനയുണ്ട്.