തൃശൂരിന്റെ 365 ദിവസങ്ങൾ
1491595
Wednesday, January 1, 2025 6:07 AM IST
8മാർ റാഫേൽ തട്ടിൽ
മേജർ ആർച്ച്ബിഷപ്
തൃശൂരിന് അനുഗ്രഹവർഷം ചൊരിഞ്ഞ് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ സ്ഥാനമേറ്റത് പോയ വർഷം . സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ലളിതമായ ചടങ്ങിലാണു സ്ഥാനമേറ്റത്. സീറോ മലബാർ സഭ അഡ്മിനിസ്ട്രേറ്റർകൂടിയായ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ കാർമികത്വത്തിലുള്ള ചടങ്ങിലായിരുന്നു സ്ഥാനാരോഹണം.
8തൃശൂർ പൂരം
അലങ്കോലപ്പെട്ടു
തൃശൂർ പൂരം ചരിത്രത്തിൽ ആദ്യമായി അലങ്കോലപ്പെട്ടു. പോലീസിന്റെ അനാവശ്യ ഇടപെടലുകളെ തുടർന്നു തിരുന്പാടി വിഭാഗം രാത്രിപൂരവും വെടിക്കെട്ടും നിർത്തിവച്ചു. ഇതേച്ചൊല്ലിയുള്ള ആരോപണങ്ങളും അന്വേഷണവും പുതുവർഷത്തിലേക്കും നീളുന്നു.
8ഓണ്ലൈൻ
തട്ടിപ്പുകൾ
ഓണ്ലൈൻ സാന്പത്തിക തട്ടിപ്പുകളുടെ തലസ്ഥാനമായി തൃശൂർ മാറി. പത്തുകോടിയോളം രൂപയാണു തൃശൂരുകാർക്കു നഷ്ടമായത്. സ്വകാര്യ സാന്പത്തിക ഇടപാടു സ്ഥാപനങ്ങളുടെ കബളിപ്പിക്കലിലും കോടികൾ നഷ്ടമായി. ഇതിൽ ആയിരം കോടിക്കു മുകളിൽ തട്ടിപ്പുനടത്തിയ ഹൈറിച്ച് കന്പനിയുമുണ്ട്. ബഡ്സ് ആക്ട് ചുമത്തി ഒട്ടേറെ സ്ഥാപനങ്ങളുടെ ആസ്തികൾ മരവിപ്പിച്ചു.
8 സാർവദേശീയ
സാഹിത്യോത്സവം
മലയാളത്തിന്റെ അക്ഷരത്തറവാടായ കേരളസാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സാർവദേശീയ സാഹിത്യോത്സവം ആദ്യമായി സംഘടിപ്പിച്ചു.
8തെരഞ്ഞെടുപ്പ്
ലോക്സഭ തെരഞ്ഞെടുപ്പായിരുന്നു ശ്രദ്ധേയമായ സംഭവം. തെരഞ്ഞെടുപ്പിനുമുന്പ് പദ്മജ വേണുഗോപാൽ കോണ്ഗ്രസ് വിട്ടു ബിജെപിയിൽ എത്തി. സിറ്റിംഗ് എംപി ടി.എൻ. പ്രതാപനെ മാറ്റി വടകരയിൽനിന്ന് കെ. മുരളീധരനെ യുഡിഎഫ് സ്ഥാനാർഥിയാക്കി. വി.എസ്. സുനിൽ കുമാർ എൽഡിഎഫ് സ്ഥാനാർഥി. ശക്തമായ ത്രികോണ മത്സരത്തിൽ സുരേഷ് ഗോപി വൻഭൂരിപക്ഷത്തിൽ വിജയിച്ചു.
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ രമ്യ ഹരിദാസ് വീണ്ടും തോൽവിയറിഞ്ഞു. കെ. രാധാകൃഷ്ണന്റെ സീറ്റ് യു.ആർ. പ്രദീപ് നിലനിർത്തി.
8നിരത്തുകൾ
കുരുതിക്കളം
പുതുവർഷത്തലേന്നു തടങ്ങിയ അപകടങ്ങളും മരണങ്ങളും വർഷംമുഴുവൻ തുടർന്നു. മരിച്ചവരും പരിക്കേറ്റവരുമേറെ. നാട്ടികയിൽ ഉറങ്ങിക്കിടന്നവരുടെ മേൽ ലോറികയറി അഞ്ചുപേർ ദാരുണമായി കൊല്ലപ്പെട്ടു.
മാള കുഴിക്കാട്ടുശേരിയിൽ കാർ പാറമടയിലേക്കു മറിഞ്ഞ് മൂന്നു സുഹൃത്തുക്കൾ മരിച്ചു. കൊലപാതകങ്ങളും മിന്നലേറ്റുള്ള മരണങ്ങളും വേറെ. കുന്നംകുളത്ത് സഹോദരീഭർത്താവ് മധ്യവയസ്കയെ കഴുത്തറുത്തുകൊന്ന സംഭവം പുതുവർഷ ആഘോഷങ്ങൾക്കിടയിലും വേദനയായി.
4എൽഡിഎഫ് ധാരണ പ്രകാരം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി.കെ. ഡേവിസ് രാജിവച്ചു. വി.എസ്. പ്രിൻസ് പുതിയ പ്രസിഡന്റായി.
8പ്രധാനമന്ത്രി
തൃശൂരിൽ
പ്രധാനമന്ത്രി രണ്ടുവട്ടം തൃശൂർ ജില്ലയിലെത്തി. മഹിളാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മോദിക്കൊപ്പം നടി ശോഭന വേദിപങ്കിട്ടത് ചർച്ചകൾ ഉയർത്തി. ഒരാഴ്ചയ്ക്കുശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനും മോദി എത്തി. അന്നു തൃപ്രയാർ ക്ഷേത്രത്തിലും സന്ദർശനം നടത്തി.
മോദി പ്രസംഗിച്ച വേദിയിൽ ചാണകവെള്ളം തളിക്കാനെത്തിയ കോണ്ഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ തടഞ്ഞതു വൻ സംഘർഷമുണ്ടാക്കി. നഗരം മണിക്കൂറുകൾ സ്തംഭിച്ചു.
8കാടിറങ്ങി ആനക്കൂട്ടം
കാട്ടാനകൾ പതിവായി നാടിറങ്ങിയതും പാലപ്പിള്ളി പുലിപ്പേടിയിൽ കഴിഞ്ഞതും കാട്ടുപന്നിയുടെ ആക്രമണത്തിൽ വിദ്യാർഥികൾക്കടക്കം പരിക്കേറ്റതും തെരുവുനായ്ക്കൾ മനുഷ്യരെയും മൃഗങ്ങളെയും ഉപദ്രവിച്ചതും നൂറുകണക്കിന് കോഴികളെ കൊന്നൊടുക്കിയതും ചാലക്കുടിയിൽ ജനവാസ മേഖലയിൽ പതിവായി ചീങ്കണ്ണിയെ കാണുന്നതുമെല്ലാം നാട്ടിലെ കാട്ടുവാർത്തകളായി.
പാലപ്പിള്ളിയിൽ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞതു നൊന്പരക്കാഴ്ചയായി.
8വിസ്മയമായി
ആകാശപ്പാത
നവീകരിച്ച ടൗണ്ഹാളും വിവാദങ്ങൾക്കൊടുവിൽ ആകാശപ്പാത തുറന്നതും തൃശൂരിനെ മാലിന്യമുക്ത കോർപറേഷനാക്കി പ്രഖ്യാപിച്ചതും ലൂർദ് പള്ളിയിൽ മാതാവിനു സുരേഷ് ഗോപി കിരീടം സമർപ്പിച്ചതും ചിത്രൻ നന്പൂതിരിപ്പാടിനു മരണാനന്തരം പത്മശ്രീ ലഭിച്ചതും വാർത്തയായി. വഞ്ചിക്കുളം പാർക്ക് സമർപ്പിച്ചു. വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമിച്ച 500 ഗോത്രവിഭാഗക്കാർ സേനയുടെ ഭാഗമായതും ചരിത്രത്തിലാദ്യമായി കേരള ഫയർഫോഴ്സിൽ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ സേനയുടെ ഭാഗമായതും തൃശൂർ അതിരൂപത സമുദായ ജാഗ്രത സമ്മേളനം നടത്തിയതും ഭാവഗായകൻ പി.ജയചന്ദ്രന് എണ്പത് തികഞ്ഞതിന്റെ ആഘോഷം തൃശൂരിൽ നടത്തിയതും പോയവർഷം തന്നെ.
8ജില്ലയെ മുക്കി പ്രളയം
വർഷാദ്യം ചുട്ടുപൊള്ളിയ വേനലിൽ തൃശൂർ ഉരുകിയൊലിച്ചു. പിന്നീടെത്തിയ വേനൽമഴയും കാലവർഷവും പ്രളയത്തിൽ മുക്കി. മുന്നറിയിപ്പില്ലാതെ പീച്ചി ഡാം തുറന്നത് വിവിധ ഭാഗങ്ങളിൽ വൻ ദുരിതമായി. വ്യാപാരികൾക്കടക്കം കോടിക്കണക്കിനു രൂപയുടെ നഷ്ടം. അശ്വിനി ആശുപത്രിക്കു മാത്രം നഷ്ടം നാലുകോടി.
വ്യാപക കൃഷിനാശമുണ്ടായി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, അതിതീവ്ര മഴ, മേഘവിസ്ഫോടനം, ചക്രവാതച്ചുഴി എന്നിവയ്ക്കെല്ലാം തൃശൂർ സാക്ഷിയായി. ചെറിയ ഭൂചലനങ്ങൾ മുൻ വർഷങ്ങളിലേതുപോലെ സാന്നിധ്യമറിയിച്ചു.
8കാടിറങ്ങി ആനക്കൂട്ടം
കാട്ടാനകൾ പതിവായി നാടിറങ്ങിയതും പാലപ്പിള്ളി പുലിപ്പേടിയിൽ കഴിഞ്ഞതും കാട്ടുപന്നിയുടെ ആക്രമണത്തിൽ വിദ്യാർഥികൾക്കടക്കം പരിക്കേറ്റതും തെരുവുനായ്ക്കൾ മനുഷ്യരെയും മൃഗങ്ങളെയും ഉപദ്രവിച്ചതും നൂറുകണക്കിന് കോഴികളെ കൊന്നൊടുക്കിയതും ചാലക്കുടിയിൽ ജനവാസ മേഖലയിൽ പതിവായി ചീങ്കണ്ണിയെ കാണുന്നതുമെല്ലാം നാട്ടിലെ കാട്ടുവാർത്തകളായി.
പാലപ്പിള്ളിയിൽ സെപ്റ്റിക് ടാങ്കിൽ വീണ് കാട്ടാന ചരിഞ്ഞതു നൊന്പരക്കാഴ്ചയായി.
8കരുവന്നൂർ വിവാദം
കരുവന്നൂർ വിവാദം കത്തിനിന്നെങ്കിലും വർഷാന്ത്യത്തിൽ ഹൈക്കോടതിയിൽനിന്ന് ഇഡിക്ക് തുടർച്ചയായ തിരിച്ചടി നേരിട്ടു. 14 മാസത്തിനുശേഷം വടക്കാഞ്ചേരി നഗരസഭാ കൗണ്സിലർ അരവിന്ദാക്ഷൻ ജയിൽ മോചിതനായി. നിക്ഷേപകർക്കു പണം മടക്കിനൽകാൻ വായ്പാ കുടിശിക ഒറ്റത്തവണ തീർപ്പാക്കാൻ പ്രത്യേക പാക്കേജ് അനുവദിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് പരിശോധിച്ചതു വിവാദമായി. പാൻ കാർഡ് നന്പർ തെറ്റിയെന്നു ബാങ്കിന്റെ വിശദീകരണം.
8പൂത്തുലഞ്ഞ് ലഹരി
പ്രതിദിനമെന്നോണം കഞ്ചാവും സിന്തറ്റിക്ക് മയക്കുമരുന്നുകളും മദ്യവും പിടികൂടി. പോലീസും എക്സൈസും നിരവധി പ്രതികളെ പിടികൂടി. ഹൈദരാബാദിലെ മാരക മയക്കുമരുന്നു നിർമാണ ശാല തൃശൂർ സിറ്റി പോലീസ് കണ്ടെത്തിയതും പോയവർഷത്തെ മികച്ച നാർക്കോട്ടിക് വേട്ടയായി. എക്സൈസ് ഓഫീസിൽ വിജലൻസ് നടത്തിയ റെയ്ഡിൽ കൈക്കൂലിയായി ലഭിച്ച മദ്യവും പണവും പിടികൂടിയതും തൃശൂരിൽതന്നെ.
8പുത്തൂർ മൃഗശാല
പുത്തൂർ മൃഗശാല തുറക്കുമെന്ന പ്രഖ്യാപനം നടന്നില്ല. തൃശൂർ മൃഗശാലയിൽനിന്ന് പുത്തൂരിലേക്ക് പക്ഷിമൃഗാദികളെ മാറ്റിത്തുടങ്ങി.
4ഇപിഎഫ് പെൻഷൻ ആനുകൂല്യം നൽകാത്തതിൽ മനംനൊന്ത് കലൂരിലെ ഇപിഎഫ് മേഖല ഓഫീലെത്തി അർബുദബാധിതനായ കൊടകര പേരാന്പ്ര പണിക്കവളപ്പിൽ പി.കെ. ശിവരാമൻ ജീവനൊടുക്കിയത് ഞെട്ടിപ്പിക്കുന്ന സംഭവമായി.
4 റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ട് കോയന്പത്തൂർ സ്വദേശിയെ തൃശൂരിൽ കൊലപ്പെടുത്തി ആംബുലൻസിൽ തള്ളി പ്രതികൾ രക്ഷപ്പെട്ടതും പിന്നീട് പിടിയിലായതും തൃശൂർ ജില്ലയുടെ മൂന്നിടങ്ങളിൽനിന്ന് എടിഎമ്മുകൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ കവർച്ച നടത്തി പ്രതികൾ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടതും കണ്ടെയ്നറിൽ കടന്ന പ്രതികളെ തമിഴ്നാട് പോലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടിയതും വൻ വാർത്തയായി.
4 സ്വർണക്കച്ചവടത്തിന്റെ തലസ്ഥാനമെന്നു പേരുകേട്ട തൃശൂരിൽ ജിഎസ് ടി വകുപ്പ് നടത്തിയ റെയ്ഡിൽ 100 കിലോയിലധികം സ്വർണം പിടിച്ചെടുത്തത് 2024ലെ ഗോൾഡൻ സ്റ്റോറി.
4 കേരളത്തിലാദ്യമായി ക്രെയിൻ നിർമാണ യൂണിറ്റിൽ നിർമിച്ച ആദ്യ ക്രെയിൻ ലോഞ്ചിംഗ് നടന്നു. മതിലകത്തെ ലിവേജ് എൻജിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് കന്പനി നിർമിച്ചതായിരുന്നു ക്രെയിൻ.
4 വിവാദങ്ങൾ കുടമാറ്റം നടത്തിയ വർഷത്തിൽ കലാമണ്ഡലം ഗോപിയും സുരേഷ്ഗോപിയും തമ്മിലുള്ള വിവാദം ഏറെ ശ്രദ്ധേയമായി. കലാമണ്ഡലം സത്യഭാമയും കലാഭവൻ മണിയുടെസഹോദരൻ ആർഎൽവി രാമകൃഷ്ണനുള്ള വിവാദവും ആളിക്കത്തി.
4 ശക്തൻ തന്പുരാന്റെ പ്രതിമ കെ എസ്ആർടിസി ബസിടിച്ചു തകർന്നു. പുനസ്ഥാപനവുമായി ബന്ധപ്പെട്ട വിവാദം വർഷാന്ത്യംവരെ തുടർന്നു. ശിൽപിക്കു പണംനൽകാത്തതിനെ തുടർന്നു പ്രതിമയുടെ അനാച്ഛാദനം ഇപ്പോഴും അനിശ്ചിതത്വത്തിൽ.
4എം.കെ. വർഗീസ് മേയർ സ്ഥാനത്തു തുടർന്നപ്പോൾ ഡെപ്യൂട്ടി മേയറായി എം.എൽ. റോസിയെത്തി. കോർപറേഷനിൽ "ഭൂമിയുണ്ട്, മേൽവിലാസമുണ്ട്' പദ്ധതി തുടങ്ങി.
4 ഗുണ്ടാ നേതാവിന്റെ ജയിൽ മോചനം ആവേശം മോഡലിൽ ആഘോഷിച്ചതു പോലീസിനെ ഞെട്ടിച്ചു. ഗുണ്ടാ ആക്രമണങ്ങൾക്കും കുറവുണ്ടായില്ല.
8 തീരാനഷ്ടങ്ങൾ
കടന്നുപോയത് തീരാനഷ്ടങ്ങളുടെ വർഷം. കവിയും ഗാനരചയിതാവുമായ പി. സലിംരാജ് , ഗ്രാമീണ പ്രാദേശിക പത്രപ്രവർത്തകൻ വി. അബ്ദു , സംഗീതജ്ഞൻ മങ്ങാട് നടേശൻ, മേളാചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ, മുൻ ഡെപ്യൂട്ടി മേയർ എം. വിജയൻ, തൃശൂരിന്റെ ആദ്യ മേയർ ജോസ് കാട്ടൂക്കാരൻ, ഗാനരചയിതാവ് ജി.കെ. പളളത്ത് , കേരള ഫുട്ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ഡേവിസ് മൂക്കൻ, ഫുട്ബോൾ പരിശീലകൻ ടി.കെ. ചാത്തുണ്ണി, ഗിറ്റാർ വാദകൻ ആറ്റ്ലി ഡിക്കുഞ്ഞ, കലാമണ്ഡലം സെക്രട്ടറിയായിരുന്ന എൻ. രാധാകൃഷ്ണൻ, മേള കുലപതി പൈങ്കുളം പ്രഭാകരൻ നായർ, സിപിഐ നേതാവ് എ. പ്രഭാകരൻ, വ്യാപാരപ്രമുഖൻ സിപിഎം നേതാവായിരുന്ന ബിന്നി ഇമ്മട്ടി, നാടകനടനും സംവിധായകനുമായ ജോസ് പായമ്മൽ, യുവനടൻ നിർമൽ ബെന്നി, നാടകനടൻ സോബി സൂര്യഗ്രാമം, പ്രശസ്ത നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത്, എഴുത്തുകാരി സരസ്വതി എസ് വാര്യർ, പാചകവിദഗ്ധൻ കണ്ണൻസ്വാമി എന്നിവർ കാലയവനികയിലായി.
8നാഥനില്ലാതെ
ജില്ലാ കോണ്ഗ്രസ്
തൃശൂർ ജില്ലാ കോണ്ഗ്രസ് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥിയിലൂടെ കടന്നുപോയ കാലം. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്കുശേഷം പൂരം വെടിക്കെട്ടുപോലെ അടിയുടെ കൂട്ടപ്പൊരിച്ചിൽ. ഡിസിസി ഓഫീസിൽ നേതാക്കളും പ്രവർത്തകരും തമ്മിൽ കൈയാങ്കളി.
ജില്ലാ പ്രസിഡന്റും യുഡിഎഫ് ചെയർമാനും രാജിവച്ചു. തൃശൂരിന്റെ പുതിയ ചുമതലക്കാരനായി പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനു ചുമതല. ഒരുവർഷം പിന്നിടുന്പോഴും ഡിസിസി നേതൃത്വത്തിൽ അനിശ്ചിതത്വം.
8ബിജെപി പ്രതിക്കൂട്ടിൽ
ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിക്കൂട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ. കൊടകര കുഴൽപ്പണ കേസിന്റെ അലയൊലി പോയവർഷത്തിൽനിന്നു പുതുവർഷവും കടന്നു പോകുന്നു.
8ആനയെഴുന്നള്ളിപ്പ്,
പൂരം, വെടിക്കെട്ട്
ആന എഴുന്നള്ളിപ്പിനു ഹൈക്കോടതി നിർദേശിച്ച മാർഗനിർദേശങ്ങൾ ഉത്സവ ആഘോഷങ്ങളെ ബാധിച്ചു. ഹൈക്കോടതി നിർദേശങ്ങൾക്കെതിരേ പാറമേക്കാവ്, തിരുവന്പാടി ദേവസ്വങ്ങൾ സുപ്രീം കോടതിയിൽനിന്ന് ഇളവുനേടി. കേന്ദ്ര സർക്കാരിന്റെ വെടിക്കെടടുമായി ബന്ധപ്പെട്ട വിജ്ഞാപനത്തിനെതിരേയും ദേവസ്വങ്ങൾ ഹൈക്കോടതിയിൽ. പൂരം പ്രദർശനവുമായി ബന്ധപ്പെട്ടു തറവാടക തർക്കവും തുടരുന്നു.
ആനപ്പെരുമ നിറയുന്ന തൃശൂരിൽ ഗുരുവായൂർ നനന്ദന് റെക്കോർഡ് ഏക്കത്തുക ലഭിച്ചതു പോയവർഷത്തിലാണ്. 2,61,000 രൂപയാണ് ഏക്കത്തുക.
8 വന്നണഞ്ഞൂ, 2025
നല്ലതുമാത്രം പ്രതീക്ഷിച്ച്.., സ്വപ്നംകണ്ട് ഒരു ചെറുപുഞ്ചിരിയോടെ പുതുവർഷത്തിനൊപ്പം ഇനി യാത്ര!