വെടിക്കെട്ടിന് അനുമതി: ഇന്നുതന്നെ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം
1491737
Thursday, January 2, 2025 1:14 AM IST
കൊച്ചി: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്കു വേല ഉത്സവത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനത്തു വെടിക്കെട്ടുനടത്താന്‍ അനുമതി നല്കുന്ന കാര്യത്തില്‍ ഇന്നുതന്നെ തീരുമാനമെടുക്കാന്‍ നിര്‍ദേശം. എഡിഎമ്മിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വെടിക്കെട്ടിനു ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെതിരേ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്.
സ്ഫോടകവസ്തു ചട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ഫയര്‍വര്‍ക്സ് ഡിസ്പ്ലേ ഓപ്പറേറ്റര്‍, ഫയര്‍വര്‍ക്സ് അസിസ്റ്റന്റ് എന്നിവര്‍ക്കു കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്സ് നല്കുന്ന സര്‍ട്ടിഫിക്കറ്റ് വേണം. ഇതിനായി ഉടന്‍ അപേക്ഷ നല്‍കാനും ഹര്‍ജിക്കാരോടു കോടതി നിര്‍ദേശിച്ചു. സാമഗ്രികള്‍ സൂക്ഷിക്കുന്ന വെടിക്കെട്ടുപുര, വെടിക്കെട്ടു നടക്കുമ്പോള്‍ കാലിയാക്കുമെന്നു ഹര്‍ജിക്കാര്‍ നല്കിയ ഉറപ്പും കോടതി രേഖപ്പെടുത്തി.
നടപ്പാക്കാന്‍ കഴിയാത്ത നിര്‍ദേശങ്ങളാണ് ചട്ടഭേദഗതിയിലുള്ളതെന്നും അതിനാല്‍ വെടിക്കെട്ടിന് അനുമതി നല്‍കണമെന്നുമായിരുന്നു ദേവസ്വങ്ങളുടെ വാദം. വെടിക്കെട്ടുസാമഗ്രികള്‍ സൂക്ഷിക്കുന്ന മാഗസിനില്‍നിന്നും വെടിക്കെട്ട് നടത്തുന്നതിനായി ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് 200 മീറ്റര്‍ ദൂരം വേണം, നടത്തിപ്പുകാര്‍ക്കു കണ്ട്രോളര് ഓഫ് എക്സ്പ്ലോസീവ്സ് നല്കുന്ന സര്‍ട്ടിഫിക്കറ്റ് വേണം തുടങ്ങിയ നിബന്ധനകളാണ് ഭേദഗതിയിലുള്ളത്. ഇതില്‍ ഇളവ് അനുവദിക്കാനാകില്ലെന്നു കോടതി പറഞ്ഞു. എന്നാല്‍ വെടിക്കെട്ടുപുരയില്‍നിന്ന് സാമഗ്രികള്‍ നീക്കാമെന്ന ഹര്‍ജിക്കാരുടെ ഉറപ്പും വിശ്വാസികളുടെ വികാരവും കോടതി കണക്കിലെടുത്തു. തുടര്‍ന്നാണ് ഉടന്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശിച്ചത്.