പാലയൂർ തീർഥകേന്ദ്രത്തിൽ വിശുദ്ധകവാടം തുറന്നു
1491751
Thursday, January 2, 2025 1:14 AM IST
പാലയൂർ: മാർതോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ ജൂബിലിവർഷ വിശുദ്ധ കവാടം തുറന്നു. വർഷാരംഭ തിരുക്കർമങ്ങൾക്കു മുഖ്യകാർമികത്വം വഹിച്ച ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്താണ് പ്രാർഥനയോടെ വിശുദ്ധകവാടം തുറന്നത്. അതിരൂപതയിൽ ഔദ്യോഗികമായി മൂന്നു കവാടങ്ങളാണ് തുറന്നത്. തൃശൂർ ലൂർദ് കത്തീഡ്രലിലും പുത്തൻപള്ളി ബസിലിക്കയിലും കഴിഞ്ഞ ദിവസം കവാടം തുറന്നിരുന്നു
കത്തോലിക്കാസഭയില്‍ 2025 ജൂബിലിവര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് പാലയൂരിൽ വിശുദ്ധകവാടം തുറന്നത്. ജൂബിലിവർഷം തിരിതെളിയിച്ച് ആർച്ച്ബിഷപ് ഉദ്ഘാടനം ചെയ്തു. കവാടത്തിലൂടെ പ്രാര്‍ഥിച്ചൊരുങ്ങി കടക്കുന്നവര്‍ക്കു പൂര്ണദണ്ഡവിമോചനം ലഭിക്കുമെന്നു ഫ്രാൻസിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്.
പാലയൂർ തീർഥകേന്ദ്രത്തിൽ പുതുവർഷ തിരുക്കർമങ്ങളുടെ ഭാഗമായുള്ള ദിവ്യബലിക്ക് ആർച്ച്ബിഷപ് മുഖ്യകാർമികനായി. ആർച്ച് പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. ഡെറിൻ അരിമ്പൂർ എന്നിവർ സഹകാർമികരായി. തർപ്പണതിരുനാളിന്റെ ഭാഗമായുള്ള കാരുണ്യപ്രവർത്തനത്തിൽ ഇടവകയിലെ ഒരു കുടുംബത്തിനു നിർമിച്ചുനൽകുന്ന ഭവനത്തിന്റെ താക്കോൽദാനവും രൂപതാധ്യക്ഷൻ നിർവഹിച്ചു.
ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയങ്കണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, പി.എ. ഹൈസൺ, സേവ്യർ വാകയിൽ, പിആർഒ ജെഫിൻ ജോണി, ജോഫി പാലയൂർ, ജെറിൻ ജോസ് എന്നിവർ നേതൃത്വം നൽകി.