സമയബന്ധിതമായി വൈദ്യുതി കണക്ഷനുകൾ ലഭിക്കും: മന്ത്രി
1491607
Wednesday, January 1, 2025 6:07 AM IST
ചൂലിശേരി: വൈദ്യുതി ഉത്പാദനത്തിലും വിതരണത്തിലും പുത്തനുണർവു നൽകുന്ന പദ്ധതികൾക്കാണ് സർക്കാൻ മുൻകൈയെടുക്കുന്നതെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി.
വൈദ്യുതി ഉത്പാദന വിതരണരംഗത്തേക്ക് സ്വകാര്യ കന്പനികളെ ആകർഷിക്കാനുള്ള നയങ്ങൾ സ്വീകരിക്കുന്ന കേന്ദ്രസർക്കാർ രാജ്യത്ത് വൈദ്യുതി ചാർജ് കുത്തനെ ഉയർത്തുന്പോൾ കേരളത്തിലെ വൈദ്യുതി നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്നും നവീകരിച്ച ചൂലിശേരി പോൾ കാസ്റ്റിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു.
പ്രതിമാസം എട്ട് മീറ്ററിന്റെ 1,440 പോസ്റ്റുകളും ഒൻപത് മീറ്ററിന്റെ 3,84 പോസ്റ്റുകളും നിർമിക്കാൻ ശേഷിയുള്ള പോൾ കാസ്റ്റിംഗ് ചൂലിശേരി യാർഡിൽ നിർമാണം ആരംഭിക്കുന്പോൾ തമിഴ്നാടിൽനിന്ന് അധികവിലയിൽ പോളുകൾ വാങ്ങേണ്ടിവരില്ല. ഇതുമൂലം ജില്ലയിലെ സാധാരണക്കാർക്ക് സമയബന്ധിതമായി വൈദ്യുതി കണക്ഷനുകൾ ലഭിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എംപി വിശിഷ്ടാതിഥിയായി. കെഎസ്ഇബി മേഖലാ മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.