വെടിക്കെട്ട്: ദേവസ്വങ്ങൾ ഹൈക്കോടതിയിൽ
1491405
Tuesday, December 31, 2024 8:15 AM IST
സ്വന്തം ലേഖകന്
തൃശൂർ: വെടിക്കെട്ടുനിയന്ത്രണത്തിനെതിരേ ഹൈക്കോടതിയിൽ ഹർജിയുമായി തിരുവന്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. കേന്ദ്രസർക്കാർ പുറത്തിറക്കിയ ഗസറ്റിലെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ആവശ്യം. തിരുവന്പാടി, പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനുപിന്നാലെയാണു നടപടി. കേന്ദ്ര സർക്കാരിന്റെ കൊമേഴ്സ് ആൻഡ് ഇൻഡ്രസ്ട്രീസ് വകുപ്പ് ഒക്ടോബർ 11നു പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്നും 2008ലെ എക്സ്പ്ലോസീവ് നിയമത്തിനു വിരുദ്ധമാണു പുതിയ വിജ്ഞാപനമെന്നും പുതുതായി നിർദേശിച്ച വ്യവസ്ഥകളും നടപടിക്രമങ്ങളും നിലനിൽക്കില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
വെടിക്കെട്ടു സംബന്ധിച്ച നിയമഭേദഗതികൾക്കുപിന്നിൽ ശിവകാശി ലോബിയാണെന്ന ആരോപണവുമായി നേരത്തേ ഇരുദേവസ്വങ്ങളും രംഗത്തെത്തിയിരുന്നു. വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെടണമെന്നും ആവശ്യപ്പെട്ടു. മൂന്നിനും അഞ്ചിനും നടക്കുന്ന വേല ആഘോഷങ്ങളുടെ വെടിക്കെട്ടുകൾക്ക് എഡിഎം പുതിയ വിജ്ഞാപനം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചതോടെയാണ് ദേവസ്വങ്ങൾ ആരോപണങ്ങൾക്കു മൂർച്ചകൂട്ടിയത്. പരന്പരാഗത വെടിക്കെട്ട് ഒഴിവാക്കി ശിവകാശി ഇനങ്ങൾ പൊട്ടിക്കാൻ ശിവകാശി ലോബി പണം വാഗ്ദാനംചെയ്തെന്നു പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷും തൃശൂർ പൂരം ഒതുക്കാനുള്ള ടെസ്റ്റ് ഡോസാണിതെന്നു തിരുവന്പാടി സെക്രട്ടറി കെ. ഗിരീഷ് കുമാറും ആരോപിച്ചു.
സ്ഫോടകവസ്തുനിയമവുമായി ബന്ധപ്പെടുത്തി 35 തരം ഭേദഗതികളുമായി ഇറങ്ങിയ അസാധാരണ വിജ്ഞാപനത്തിലെ അഞ്ചു നിയന്ത്രണങ്ങൾ പൂരം വെടിക്കെട്ടുനടത്തിപ്പ് അസാധ്യമാക്കുമെന്നു ജനപ്രതിനിധികളും നേരത്തേ വ്യക്താക്കിയിരുന്നു. പുതിയ സ്ഫോടകവസ്തു നിയമപ്രകാരം വെടിക്കെട്ടുപുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ 200 മീറ്റർ അകലമാണ് വേണ്ടത്. എന്നാൽ വേല വെടിക്കെട്ട് നടക്കുന്ന സ്ഥലത്തു ദൂരം 78 മീറ്റർ മാത്രമാണെന്നതാണ് അനുമതി നിഷേധിക്കാനുള്ള പ്രധാന കാരണം.