പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിനു നാളെ തുടക്കം
1491754
Thursday, January 2, 2025 1:14 AM IST
ചേർപ്പ്: സാഹിത്യം, കല, സംസ്കാരം എന്നിവ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി പെരുവനം സർവമംഗള ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന "കലർപ്പുകൾ" പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന് നാളെ ചേർപ്പ് ശ്രീലകം ഇൻസ്റ്റിറ്റ്യൂട്ടിൽ തുടക്കമാകും. വൈകീട്ട് 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ എഴുത്തുകാരൻ ആനന്ദ്, പിന്നണി ഗായിക കെ.എസ്. ചിത്ര, ഡോ.പി. വേണു എന്നിവർ പങ്കെടുക്കും.
മൂന്നാമത് ഐവറി പുരസ്കാര സമർപ്പണം സംവിധായകൻ സത്യൻ അന്തിക്കാട് നിർവഹിക്കും. 6.30ന് "ആലാപനത്തിലെ ശൈലീഭേദങ്ങൾ' ഗായിക കെ.എസ്. ചിത്ര, എം.എസ്. കിഷൻ കുമാർ എന്നിവർ സംവദിക്കും. 7.30ന് ഷഹബാസ് അമൻ പാട്ടു സന്ധ്യ നടത്തും.
നാലിന് "കലർപ്പിന്റെ ഊർജവും ശുദ്ധി എന്ന മിഥ്യയും' വിഷയത്തിൽ എഴുത്തുകാരൻ എൻ. എസ്. മാധവനും 11ന് "കവിതയിലെ മധുജ്ഞാനം' പരിപാടിയിൽ കവി വി. മധുസൂദനൻ നായരും പങ്കെടുക്കും. 12ന് "പെരുവനം ആഘോഷിക്കപ്പെടുമ്പോൾ 'കലാസാംസ്കാരിക പൈതൃകസാധ്യതകൾ വിഷയത്തിൽ ഡോ. സുധ ഗോപാലകൃഷ്ണൻ, കെ. സതീഷ് നമ്പൂതിരിപ്പാട്, ബി. അനന്തകൃഷ്ണൻ, അനിഷ് രാജൻ എന്നിവരും രണ്ടിന് "റാം ആനന്ദിയിലെ ശ്രീലങ്കൻ പശ്ചാത്തലം' സെമിനാറിൽ അഖിൽ പി. ധർമജൻ, ടി.ഡി. രാമകൃഷ്ണൻ, സുകന്യ കൃഷ്ണ, മൂന്നിന് "താരങ്ങൾ ഇല്ലാതെയും തിളങ്ങുന്ന മലയാള സിനിമ' അഖിൽ സത്യൻ, ആനന്ദ് ഏകർഷി എന്നിവർ പങ്കെടുക്കും. നാലിന് "ലോകത്തിന്റെ കാലക്രമവും സംഗീതവും' വിദ്യാധരൻ മാസ്റ്റർ, ഇ ജയകൃഷ്ണൻ എന്നിവർ പങ്കെടുക്കും. ഏഴിന് രാഗ സമന്വയം.
അഞ്ചിനു നടക്കുന്ന വിവിധ ക്ലാസുകളിൽ രാമചന്ദ്രൻ കേളി, അഡ്വ. എ. ജയശങ്കർ, വയലാർ ശരത്ചന്ദ്ര വർമ, കെ.സി. നാരായണൻ ഡോ. പി. ഗീത, ടി.ആർ. ഇന്ദുഗോപാൻ എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ എഴുത്തുകാരൻ എം. മുകുന്ദൻ വിശിഷ്ടാതിഥിയാകും. ടി.എം. കൃഷ്ണ പാടും.
100 മികച്ച പുസ്തകങ്ങളുടെ പ്രദർശനം, ചിത്രപ്രദർശനം, എഴുത്തുകാരുമായി സംവദിക്കാൻ ഇടം, നാട്ടുപെരുമ ശിൽപ്പ പ്രദർശനം, ചമയപ്രദർശനം, പുസ്തകമേള , രൂപക്കള പ്രദർശനം എന്നിവയുണ്ടാകും. രജിസ്ട്രേഷൻ മുഖേനയുള്ള പ്രവേശനം ഗ്രാമോത്സവത്തിനു സൗജന്യമാണ്.
പത്രസമ്മേളനത്തിൽ ഫെസ്റ്റിവെൽ ജനറൽ കൺവീനർ ദിനേശ് പെരുവനം, ഹരി ചിറ്റൂർമന, ഇ.വി. സോമൻ, സീമ രാജീവ്, പത്മിനി ഹരിദാസ് എന്നിവർ പങ്കെടുത്തു.