ഷണ്മുഖം കനാല്‍ തെക്കേബണ്ടില് സ്ഥാപിച്ച പമ്പ്ഹൗസിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു
1491403
Tuesday, December 31, 2024 8:15 AM IST
പടിയൂര്‍: 23 വര്‍ഷമായിട്ടും നടപ്പാക്കാതെ കിടന്നിരുന്ന ഷണ്മുഖം കനാല്‍ തെക്കേ ബണ്ടില്‍ സ്ഥാപിച്ച ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പമ്പ്ഹൗസിന്റെ പിറകുവശം ഇടിഞ്ഞുപോയി. മോട്ടോറും അനുബന്ധസാധനങ്ങളും സ്ഥാപിച്ചിരുന്ന പമ്പ് ഹൗസിന്റെ പിറകുവശത്ത ചുമരാണു കനാലിലേക്ക് ഇടിഞ്ഞുവീണത്. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പടിയൂര്‍ പഞ്ചായത്ത് ഗുണഭോക്തൃസമിതികളുടെ മേല്‍നോട്ടത്തില്‍ 2001 ലാണ് ഷണ്മുഖം കനാലിന്റെ ഇരുകരകളിലുമായി ലക്ഷങ്ങള്‍ മുടക്കി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്കുള്ള പമ്പുസെറ്റുകളും പൈപ്പുകളും സ്ഥാപിച്ചത്.
വടക്കേ ബണ്ടില്‍ സ്ഥാപിച്ച ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പോത്താനി കിഴക്കപാടം പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ വൈദ്യുതി കണക്ഷന് ലഭ്യമാക്കി 25 എച്ച്പിയുടെ മോട്ടോര്‍ സ്ഥാപിച്ച് പമ്പിംഗ് നടത്തിവരുന്നുണ്ടെങ്കിലും തെക്കേ ബണ്ടിലെ പദ്ധതി യാഥാര്‍ഥ്യമായില്ല. ഇവിടെ ഗുണഭോക്തൃസമിതി രൂപവത്കരിച്ച് 25 എച്ച്പിയുടെ മോട്ടോര്‍ സ്ഥാപിച്ചെങ്കിലും ഇതുവരെ വൈദ്യുതിപോലും ലഭിച്ചിട്ടില്ല.
2009ല്‍ പദ്ധതിക്കായി ലക്ഷങ്ങള്‍ ചെലവഴിച്ച് ഗുണഭോക്തൃസമിതി വാങ്ങിയ പൈപ്പുകള്‍ പഞ്ചായത്ത് ആശുപത്രിക്കു സമീപത്തുള്ള പാടത്ത് വെയിലും മഴയുമേറ്റ് ദ്രവിച്ചു പോകുകയാണ്. പൈപ്പ് വാങ്ങിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളും ഓംബുഡ്സ്മാനില്‍ നിലനിന്നിരുന്ന കേസുമാണ് ഇതിനു തിരിച്ചടിയായത്.
മോട്ടോറും മറ്റ് സാമഗ്രികളും അടിയന്തരമായി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് വാര്‍ഡംഗം നിഷാ പ്രനീഷ് പഞ്ചായത്ത് പ്രസിഡന്റി നും കൃഷിവകുപ്പ് ഓഫീസര്‍ക്കും കത്തുനല്‍കി.