ഡോ. കെ.എന്‍. പിഷാരടി കഥകളി ക്ലബ് "സുവർണം' സമാപനത്തിനു തിരിതെളിഞ്ഞു
1491747
Thursday, January 2, 2025 1:14 AM IST
ഇരിങ്ങാലക്കുട: ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് കഴിഞ്ഞ ഒരുവര്‍ഷമായി നടത്തിവരുന്ന അമ്പതാം വാര്‍ഷികാഘോഷം "സുവര്‍ണ'ത്തിന്റെ സമാപനത്തിനു നഗരസഭാധ്യക്ഷ മേരിക്കുട്ടി ജോയ് തിരിതെളിച്ചു. പ്രഫ. സി.പി. ഇളയത് അനുസ്മരണപ്രഭാഷണം പ്രഫ. ജോര്‍ജ് എസ്. പോള്‍ നിർവഹിച്ചു.
തെക്കേപുഷ്പകം പത്മിനി ബ്രാഹ്മണിയമ്മയും വടക്കേപ്പട്ടം സുധ ബ്രാഹ്മണിയമ്മയും ചേര്‍ന്ന് ദമയന്തിസ്വയംവരം ബ്രാഹ്മണിപ്പാട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നളകഥാകാവ്യങ്ങളില്നിന്ന് തെരഞ്ഞെടുത്ത പദങ്ങളെ ഉള്‍പ്പെടുത്തി പ്രഫ. കെ.എന്‍. ഓമനയും സംഘവും കൈക്കൊട്ടിക്കളി അവതരിപ്പിച്ചു.
നളകഥയെ ആസ്പദമാക്കി കൂടിയാട്ടം, നങ്ങ്യാര്‍ക്കൂത്ത്, ചാക്യാര്‍ക്കൂത്ത്, നൃത്താവതരണങ്ങള്‍, ഓട്ടന്തുള്ളല്, തനത്നാടകം, സംഗീതാവിഷ്കാരങ്ങള്‍, മറ്റുരംഗാവതരണങ്ങള്, സെമിനാര്‍, പ്രഭാഷണങ്ങള്‍, നളചരിതം മൂന്നാംദിവസം, നളചരിതം നാലാംദിവസം കഥകളി കൂടാതെ വാര്‍ഷികസമ്മേളനത്തില്‍ ക്ലബ് ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്കാരസമര്‍പ്പണം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണു "സുവര്‍ണം' സമാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു.
പത്തുവരെ അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലത്തി ന്റെ സഹകരണത്തോടെ മാധവനാട്യഭൂമിയിലും 11,12 തീയതി കളില്‍ ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം ഹാളിലുമാണ് സുവര്ണത്തിന്റെ രംഗവേദികള്‍ ഒരുക്കിയിട്ടുള്ളത്. നളചരിതം കഥകളിയരങ്ങുകള്ക്കു പുറമെ വിവിധ നളകഥകളെ ആസ്പദമാക്കി പുതിയ രംഗാവതരണ നിര്‍മിതികള്‍ കൂടിയാട്ടത്തിലും നങ്ങ്യാര്‍കൂത്തിലും ചാക്യാര്‍കൂത്തിലും നൃത്താവതരണങ്ങളിലും ഒരുക്കി പ്രൗഢഗംഭീരങ്ങളായ ഇരുപതില്പരം പ്രഭാഷണങ്ങളുംകൂടി ഈ സാംസ്കാരികോത്സത്തില് സംഘടിപ്പിക്കുന്നുണ്ട്.