വളയിട്ട കൈകള്‍ക്കു റോബോട്ടും വഴങ്ങുമെന്നു തെളിയിച്ച് സെന്റ് ജോസഫ്സ് വിദ്യാര്‍ഥിനികള്‍
1491740
Thursday, January 2, 2025 1:14 AM IST
ഇരിങ്ങാലക്കുട: കേരളത്തിലെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളുടെ ചരിത്രത്തിലാദ്യമായി രൂപകല്പന ചെയ്യപ്പെട്ട റോബോട്ടിക് പ്രോജക്ട് എന്ന നേട്ടം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിനു സ്വന്തം. ഉദ്ഘാടനം നാളെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിക്കും. ചടങ്ങില്‍ കോളജിലെ പൂര്‍വവിദ്യാര്‍ഥിയും പ്രോജക്ട് അഡ്വൈസറും ചീഫ് കോ ഓര്‍ഡിനേറ്ററുമായ ഡോ. ഇഷ ഫര്‍ഹ ഖുറൈഷിയും പങ്കെടുക്കും.
വളയിട്ട കൈകള്‍ക്കു റോബോട്ടും വഴങ്ങുമെന്നു തെളിയിച്ചിരിക്കുകയാണ് കോളജിലെ ബിവോക് മാത്തമാറ്റിക്സ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വിഭാഗം വിദ്യാര്‍ഥികള്‍. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി 25 വിദ്യാര്‍ഥികള്‍ അഞ്ചു ഗ്രൂപ്പുകളായി ഐ ഹബ് എന്ന കമ്പനിയുടെ സഹകരണത്തോടെ ചെയ്ത പ്രവര്‍ത്തനമാണ് ജോസഫൈന് എന്ന റോബോട്ടിന്റെ സാക്ഷാത്കാരത്തിലേക്കു നയിച്ചത്.
അധ്യാപിക അഞ്ജു പി. ഡേവിസ് നേതൃത്വം നല്കി. വ്യക്തികളുടെ മുഖവും ശബ്ദവും തിരിച്ചറിയല്‍, തത്സമയവിവരങ്ങള്‍ ചോദിച്ചറിയുന്നതിനുള്ള ചാറ്റ്ബോട്ട് സംവിധാനം, ആളുകള്‍ക്കു സുഗമമായി കോളജ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ വികസിപ്പിച്ചെടുത്ത മാപ്പ് നാവിഗേഷന്‍ സംവിധാനം, ലൈബ്രറിയിലെ പുസ്തകങ്ങള്‍ കണ്ടെത്താനും അവയിലെ ആശയങ്ങള്‍ പറഞ്ഞുതരാനും സഹായിക്കുന്ന, കാഴ്ചപരിമിതരായ കുട്ടികള്‍ക്കും പ്രയോജനപ്രദമാകുന്ന റോബോട്ടിക് ലൈബ്രറി എന്നിങ്ങനെ അത്യാധുനികസവിശേഷതകള് അടങ്ങിയിട്ടുള്ള റോബോട്ടിക് പ്രോജക്ടാണിത്.
വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, പൊതുസേവനങ്ങള്‍ എന്നിങ്ങനെയുള്ള ആപ്ലിക്കേഷനുകള്‍ക്കൊപ്പം പ്രായോഗികപ്രശ്നങ്ങള്ക്കുള്ള പരിഹാരമെന്നനിലയില്‍ ഗണിത മോഡലിംഗിന്റെയും എഐയുടെയും റോബോട്ടിക്സിന്റെയും ഇന്റര്‍ ഡിസിപ്ലിനറി ആപ്ലിക്കേഷനുകളാണ് കോളജ് സജ്ജമാക്കിയിട്ടുള്ളതെന്നു പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ ഡോ.ടി.വി. ബിനു, പ്രോജക്ട് ഫാക്കല്‍റ്റി കോ ഓര്‍ഡിനേറ്റര്‍ അഞ്ജു പി.ഡേവിസ്, സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍ വരദ ദേവന്, മീഡിയ കോ ഓര്‍ഡിനേറ്റര്‍ അഞ്ജു ആന്റണി തുടങ്ങിയവരും പങ്കെടുത്തു.