കേരള വനിതാ ലീഗിൽ മത്സരിക്കാൻ ചാലക്കുടിയിൽനിന്ന് സിറ്റി ക്ലബ്
1491407
Tuesday, December 31, 2024 8:15 AM IST
ചാലക്കുടി: കേരള ഫുട്ബോൾ അസോസിയേഷൻ ജനുവരി നാലുമുതൽ ഫെബ്രുവരി 10 വരെ കുന്നംകുളത്തു സംഘടിപ്പിക്കുന്ന കേരള വിമൻസ് ലീഗിന്റെ ആറാംപതിപ്പിൽ മത്സരിക്കാൻ ചാലക്കുടിയിലെ പ്രമുഖ ഫുട് ബോൾ ക്ലബ്ബായ സിറ്റി ക്ലബ്. ചാലക്കുടിയിൽനിന്ന് ആദ്യമായാണ് ഒരു ക്ലബ് കേരളത്തിലെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗിൽ മത്സരിക്കുന്നത്.
ഇണ്ണുനീലി സ്മാരകവായനശാലയുടെ കീഴിൽ കഴിഞ്ഞ മൂന്നുവർഷമായി പെൺകുട്ടികൾക്കു പ്രഫഷണൽ ഫുട്ബോൾ പരിശീലനം നൽകിവരുന്ന ഐഎസ്വി ഫുട്ബോൾ അക്കാദമിയും ചാലക്കുടി സേക്രഡ് ഹാർട്ട് കോളജും ചേർന്നു വനിതാ ഫുട്ബോൾ വികസനപദ്ധതികൾക്കു തുടക്കമിട്ടിരുന്നു. കോളജിൽ സീനിയർ വനിതാ ഫുട് ബോൾ ടീം ആരംഭിക്കുകയും പരിശീലനം നൽകിവരികയും ചെയ്യുന്നുണ്ട്. പദ്ധതികളിൽ സിറ്റി ക്ലബ്ബിന്റെ പങ്കാളിത്തംകൂടിയായതോടെയാണ് വനിതാ ലീഗിലേക്കു പ്രവേശനത്തിന് അവസരം ലഭിച്ചത്. 1967 മുതൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന സിറ്റി ക്ലബ് പ്രതിഭാശാലികളായ ഫുട്ബോൾ താരങ്ങളെ നാടിനു സംഭാവന ചെയ്തിട്ടുണ്ട്.
മത്സരത്തിനുള്ള സിറ്റി ക്ലബ്ബിന്റെ വനിതാ ടീം എസ്എച്ച് കോളജ് ഗ്രൗണ്ടിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ടീമിലെ പകുതി താരങ്ങൾ എസ്എച്ച് കോളജിലെ വിദ്യാർഥിനികളാണ്. വിദ്യാർഥിനികൾക്കു പ്രഫഷണൽ ഫുട്ബോളിലേക്കു വഴിതുറക്കാനുള്ള ആദ്യപടിയാണ് കേരള വിമൻസ് ലീഗ്.
ലീഗിനു മുന്നോടിയായി ടീം ലോഞ്ചിംഗ് ഇവന്റ് ജനുവരി രണ്ടിനു വൈകീട്ട് 5.30ന് എസ്എച്ച് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. മുൻ ഇന്ത്യൻ ഫുട്ബോൾതാരം പി. ആർ. ഹർഷൻ മുഖ്യാതിഥിയായി പങ്കെടുക്കും.
സനീഷ് കുമാർ ജോസഫ് എംഎൽഎ, എസ്എച്ച് കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഐറിൻ, മുനിസിപ്പൽ പ്രതിപക്ഷനേതാവ് സി.എസ്. സുരേഷ്, സിറ്റി ക്ലബ് സെക്രട്ടറി സി.വി. ഫ്രാൻസിസ്, ഐഎസ്വി ഫുട്ബോൾ അക്കാദമി കോഓർഡിനേറ്റർ അജിത്ത് ടോമി, പി.പി. പോൾ, രാധാകൃഷ്ണൻ, കോളജ് കായികവിഭാഗം മേധാവി ഡോ. ജെസ്മി ജോസ്, പരിശീലകരായ വി.എൻ. രാഹുൽ, ജോസ് റാഫേൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.