ന്യൂ ഇയർ അടിച്ചുപൊളിക്കാം... മദ്യവും മയക്കുമരുന്നുമില്ലാതെ
1491406
Tuesday, December 31, 2024 8:15 AM IST
സ്വന്തം ലേഖകൻ
തൃശൂർ: വീണ്ടുമൊരു പുതുവത്സരപ്പിറവി, 21-ാം നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിടുകയാണ്. ഇത്തവണയും ന്യൂ ഇയർ അടിച്ചുപൊളിക്കണ്ടേ. ആഘോഷങ്ങൾ എന്തായാലും, എവിടെയായാലും, മദ്യവും മയക്കുമരുന്നും ഒഴിവാക്കുക. ആഘോഷങ്ങൾക്കിടെ ഒരുകാര്യം ഓർത്തുവയ്ക്കാം, എല്ലാം പോലീസിന്റെ നിരീക്ഷണത്തിലാണ്. എന്തെങ്കിലും കേസിൽപെട്ടാൽ, ലഹരിവിട്ടു കൺതുറക്കുന്പോൾ പുതുവർഷക്കലണ്ടറിനൊപ്പം അഴിയെണ്ണേണ്ടിവരും.
അതുകൊണ്ടുതന്നെ പോലീസ് മുന്നറിയിപ്പു തരുന്നു. മറ്റുള്ളവർക്കു ദോഷകരമായ രീതിയിൽ സംസാരിക്കാതിരിക്കൂ. ഗതാഗതതടസമില്ലാത്തരീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യൂ. എന്തെങ്കിലും അലന്പുകണ്ടാൽ, കയറി ഇടപെട്ട് കൂടുതൽ വഷളാക്കാതെ 112 നന്പറിൽ വിളിച്ചു പോലീസിൽ അറിയിക്കൂ. പുതുവർഷാഘോഷം പരമാവധി ആസ്വദിക്കണം, അതു മയക്കുമരുന്നിന്റെ സഹായമില്ലാതെ ആസ്വദിക്കുന്പോഴാണ് യഥാർഥ ആസ്വാദനമുണ്ടാകുന്നതെന്ന് എസിപി എൻ.എസ്. സലീഷ് പറഞ്ഞു.
വായനക്കാർ ഒരുകാര്യം ഓർക്കുക. ഈ മുന്നറിയിപ്പിലെ സൗമ്യത എന്തെങ്കിലും പ്രശ്നം ഉണ്ടാകുന്നതിനു തൊട്ടുമുന്പുവരെമാത്രമേ പോലീസിൽനിന്നു പ്രതീക്ഷിക്കേണ്ടതുള്ളൂ. ശേഷം നിയമക്കുരുക്ക് അനുഭവിക്കേണ്ടിവരും.
വൻമയക്കുമരുന്നുശേഖരം
എത്തിയതായി റിപ്പോർട്ട്
പുതുവത്സര ആഘോഷങ്ങൾ കൊഴുപ്പിക്കാൻ സംസ്ഥാനത്തു ലഹരിസംഘങ്ങളുടെ വിളയാട്ടം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടു വൻമയക്കുമരുന്നുശേഖരം വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും സംസ്ഥാനത്ത് എത്തിയതായാണ് ഇന്റലിജൻസ് ബ്യൂറോ (ഐബി) റിപ്പോർട്ട്. കഞ്ചാവ്, എംഡിഎംഎ, മറ്റു രാസലഹരികൾ തുടങ്ങിയവയുടെ വില്പന ഒളിച്ചുംപാത്തുമാണെങ്കിലും തകൃതിയാണ്. മദ്യവും പാൻമസാലകളും സംസ്ഥാനത്തു വ്യാപകമായതായി ഐബി പോലീസിനും എക്സൈസിനും വിവരം നല്കി. പോലീസും എക്സൈസും ലഹരിവേട്ടയുമായി സജീവമാണെങ്കിലും അവരെയെല്ലാം വെല്ലുവിളിച്ചാണ് ലഹരിമാഫിയകളുടെ വിളയാട്ടം.
ന്യൂ ഇയർ പ്രമാണിച്ച് അക്രമം, പിടിച്ചുപറി, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ അക്രമം എന്നിവ തടയാൻ ജില്ലയിലൊട്ടാകെ മുഴുവൻ ഉദ്യോഗസ്ഥരെയും ജോലിക്കു നിയോഗിച്ചു. അനധികൃത മദ്യവില്പന, മയക്കുമരുന്ന് ഉപയോഗം, പൊതുസ്ഥലത്തെ മദ്യപാനം എന്നിവയ്ക്കെതിരേ കർശനനടപടിയെടുക്കും. അനുമതി വാങ്ങാത്ത, ശബ്ദപരിധി ലംഘിച്ചുമുള്ള ഉച്ചഭാഷിണി ഉപയോഗത്തിനെതിരേ നടപടിയെടുക്കും. അനുവദനീയമല്ലാത്ത പടക്കങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കാൻ പാടില്ല.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക പരിശോധനകൾ നടത്തും. തൃശൂർ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന മുന്നൂറിലധികം സിസിടിവി കാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ തത്സമയം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം പോലീസ് കണ്ട്രോൾ റൂമിൽ സജ്ജമാക്കി. പള്ളികളിലും ആരാധനാലയങ്ങളിലും രാത്രി പ്രാർഥനാചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ സംരക്ഷണം ഉറപ്പുവരുത്തും. അനധികൃത ലഹരി ഉപയോഗത്തിനെതിരേ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ നാർക്കോട്ടിക് സെൽ നന്പരായ 9497979794, 9797927797 എന്നീ നന്പറുകളിലോ അറിയിക്കണം. അടിയന്തിര സഹായത്തിന്: 112. 0487 - 2424193 (തൃശൂർ സിറ്റി പോലീസ് കൺട്രോൾ).