ചാലക്കുടി പനമ്പിള്ളി സ്മാരക കോളജ് സുവർണജൂബിലി നാളെ
1491746
Thursday, January 2, 2025 1:14 AM IST
ചാലക്കുടി: പനമ്പിള്ളി മെമ്മോറിയൽ ഗവ. കോളജിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ നാളെ രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും അന്തരിച്ച മുൻ കേന്ദ്ര മന്ത്രി പനമ്പിള്ളി ഗോവിന്ദമേനോന്റെ സ്മാരകമായി 1975 ൽ സ്ഥാപിച്ച പനമ്പിള്ളി ഗവ. കോളജ് കഴിഞ്ഞ 50 വർഷത്തിനിടയിൽ അക്കാദമിക് രംഗത്ത് മികച്ച മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. സുവർണജൂബിലി പ്രമാണിച്ച് ഒരു വർഷത്തേക്ക് 50 വിവിധ അക്കാദമിക് പ്രവർത്തനങ്ങളും സാമൂഹികപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഉദ്ഘാടനച്ചടങ്ങിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. കെ.എസ്. ഷാജു, ജനറൽ കൺവീനർ വൈസ് പ്രിൻസിപ്പൽ ടി. ആൽബർട്ട് ആന്റണി, ഡോ. എസ്.എസ്. ജയകുമാർ, ഡോ. എം.സി. ഗിരീഷ്, ഡോ. ബി ജു ലോന എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ചാലക്കുടിയുടെ അഭിമാനമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന് ഉചിതമായ സ്മാരകമായി പനമ്പിള്ളി കോളജിന് ആരംഭം കുറിച്ചത് ചാലക്കുടി പഞ്ചായത്ത് പ്രസിഡന്റും മുനിസിപ്പൽ ഉപദേശകസമിതി ചെയർമാനുമായിരുന്ന അന്തരിച്ച പി.ടി. ശങ്കരൻ എമ്പ്രാന്തി രിയാണ് അന്തരിച്ച സി.സി. ഇസ്മെയിൽ സാഹിബും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിരുന്നു. ഇവരുടെ പ്രവർത്തനത്തെ തുടർന്നാണു പനമ്പിള്ളി സ്മാരക കോളജ് കമ്മറ്റി രൂപം കൊണ്ടത്. ശങ്കരൻഎമ്പ്രാന്തിരി നിർദേശിച്ച സ്ഥലത്താണ് 1975 ൽ കോളജ് സ്ഥാപിതമാകുന്നത്. കോളജിനുവേണ്ടി ഒന്നേമുക്കാൽ ഏക്കർ സ്ഥലം അദ്ദേഹത്തിന്റെ മകൻ ശ്രീകുമാർ സൗജന്യമായി നൽകുകയും ചെയ്തു.
തുടക്കത്തിൽ കാലിക്കട്ട് സർവകലാശാലയിൽ പ്രീഡിഗ്രി തേർഡും ഫോർത്തും ഗ്രൂപ്പുകൾ മാത്രമായി കുറച്ചു വിദ്യാർഥികളുമായി ജൂനിയർ കോളജായാണു പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനാണ് കോളജ് ഉദ്ഘാടനം ചെയ്തത്. ചാലക്കുടി ബിടിഎസിന്റെ വാടക കെട്ടിടത്തിലാണ് അന്നു പ്രവർത്തിച്ചത്. 1986ൽ ആണ് കോളജ് പോട്ടയിൽ അതിരപ്പിള്ളി റോഡിൽ ഇപ്പോഴത്തെ സ്വന്തമായ കാന്പസിലേ ക്കു മാറിയത്. പുതിയ കെട്ടിടം ലീഡർ കെ. കരുണാകരൻ ഉദ്ഘാടനം ചെയ്തു.
അഞ്ച് ഡിഗ്രി കോഴ്സുകളും അഞ്ച് പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളും അഞ്ച് ഗവേഷണ സെന്ററുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. 800 ൽ താഴെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. 50 അധ്യാപകരും 20 അധ്യാപകേതര ജീവനക്കാരുമുണ്ട്. അക്കാദമിക് ബ്ലോക്ക്, സയൻസ് ബ്ലോക്ക്, ലൈ ബ്രറി ബ്ലോക്ക്, വിദ്യാർഥികളുടെ ഹോസ്റ്റൽ, സ്റ്റാഫ് ക്വാർട്ടേഴ്സ്, ഓഡിറ്റോറിയം, വിശാലമായ കളിസ്ഥലം, ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ സൗകര്യങ്ങളുണ്ട്.