ഒല്ലൂർ സെന്റർ വികസനത്തിന് പച്ചക്കൊടി
1491135
Monday, December 30, 2024 7:31 AM IST
സ്വന്തം ലേഖകൻ
ഒല്ലൂർ: സ്ഥലം നഷ്ടപ്പെടുന്നവർക്കു നഷ്ടപരിഹാരവും വീടു നഷ്ടപ്പെടുന്നവർക്കു പടിഞ്ഞാറേക്കോട്ട മാതൃകയിൽ ഫ്ളാറ്റും നിർമിക്കുമെന്നു മന്ത്രി ഉറപ്പുനൽകിയതോടെ വർഷങ്ങൾ നീണ്ട ഒല്ലൂർ സെന്റർ വികസനപ്രശ്നത്തിനു പരിഹാരമാകുന്നു. സെന്റർ വികസനവുമായി ബന്ധപ്പെട്ടു റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന സ്ഥലമുടമകളുടെയും വാടകക്കാരുടെയും യോഗത്തിലാണു തീരുമാനം.
വീടു നഷ്ടപ്പെടുന്നവർക്കു പടിഞ്ഞാറേക്കോട്ട മോഡലിൽ ഫ്ലാറ്റ് ഒരുക്കി പുനരധിവാസം ഉറപ്പാക്കും. വാടകക്കെട്ടിടങ്ങളിലെ വ്യാപാരികളുടെ പുനരധിവാസവും ഉറപ്പാക്കും. സ്ഥലം നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരംനൽകുമെന്നും മന്ത്രി വ്യക്തമാക്കി. വാടക കെട്ടിടങ്ങളിലുള്ളവർക്കു ആദ്യം താത്കാലിക പുനരധിവാസവും പിന്നീടു സ്ഥിരം പുനരധിവാസവും ഉറപ്പാക്കും.
പനംകുറ്റിച്ചിറയിൽ നിർമാണം പൂർത്തിയാക്കിയ കോർപറേഷൻ സോണൽ ഓഫീസ് 18ന് ഉദ്ഘാടനം ചെയ്യും. പഴയ മാർക്കറ്റും ടൗണ്‍ഹാളും രണ്ടാംഘട്ടത്തിൽ സോണൽ ഓഫീസ് പരിസരത്തേക്കു മാറ്റും. പഴയ സോണൽ ഓഫീസിനു സമീപം ഷോപ്പിംഗ് കോംപ്ലക്സ് കം ബസ് സ്റ്റാൻഡ് ഒരുക്കും.
ഒല്ലൂർ സെന്റർ വികസനവുമായി ബന്ധപ്പെട്ടു സ്ഥലമേറ്റെടുക്കാൻ തഹസിൽദാരുടെ നേതൃത്വത്തിൽ പതിനൊന്നംഗ ഉദ്യോഗസ്ഥസംഘത്തെ നിയോഗിച്ചെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ എഡിഎം പി. മുരളി, കോർപറേഷൻ കൗണ്‍സിലർമാരായ വർഗീസ് കണ്ടംകുളത്തി, സി.പി. പോളി, കരോളിൻ ജെറിഷ് എന്നിവർ പങ്കെടുത്തു.