രാജുവിന്റെ മൃതദേഹം മോർച്ചറിയിൽ
1491400
Tuesday, December 31, 2024 8:15 AM IST
മാള: മെഡിക്കൽ കോളജിൽ ചികി ത്സയിലിരിക്കെ അന്തരിച്ച രാജുവിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുന്നു. കഴിഞ്ഞ 20 ലധികം വർഷമായി മാളയിൽ താമസിക്കുന്ന ഇളംചിറ പുത്തൻവീട്ടിൽ രാജു(59)വിന്റെ മൃതദേഹമാണ് മോർച്ചറിയിൽ ബന്ധുക്കളെ കാത്ത് കിടക്കുന്നത്. നേരത്തേ തിരുവനന്തപുരം സ്വദേശിയായിരുന്ന ഇയാൾ ഇവിടെ കൂലിവേലകൾ ചെയ്ത് തനിച്ച് വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു.
ആരോരുമില്ല എന്ന നിഗമനത്തിൽ അജ്ഞാതമൃതദേഹം എന്നവിധം സംസ്കരിക്കാനുള്ള നീക്കങ്ങൾക്കിടെ തങ്ങളിലൊരാളായി രാജുവിനെ ഉൾക്കൊണ്ട് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കാൻ മാള പള്ളിപ്പുറം സെന്റ് ആന്റണീസ് തീർത്ഥാടനകേന്ദ്രം വികാരി ഫാ. ബിനു മുക്കത്തും നാട്ടുകാരും തയാറായിരുന്നു. ഇതിനുള്ള ഒരുക്കങ്ങൾ പള്ളിയിൽ ക്രമീകരിച്ചിരുന്നതുമാണ്. എന്നാൽ പോലീസിന്റെ അനുമതിപത്രം ലഭിക്കാതെവന്നതോടെ ഇതുനടന്നില്ല.
അവകാശികൾ ആരെങ്കിലും എത്തിയാൽ പള്ളിയിൽ സംസ്കരിക്കാൻ അനുവദിച്ചത് നിയമപരമായി പ്രശ്നമാകും എന്നതിനാലാണ് പോലീസ് അനുമതി നിഷേധിച്ചത്. മൃതദേഹം നിലവിൽ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ അവകാശികളെ കാത്ത് 15 ദിവസമായി സൂക്ഷിച്ചിരിക്കുകയാണ്.