മാകെയര്‍ ഇരിങ്ങാലക്കുടയില്‍ ഇന്നു പ്രവര്‍ത്തനം ആരംഭിക്കും
1491602
Wednesday, January 1, 2025 6:07 AM IST
ഇരിങ്ങാലക്കുട: മണപ്പുറം ഗ്രൂപ്പിന്റെ ആദ്യത്തെ വയോജന കേന്ദ്രീകൃത ക്ലിനിക്കായ മാകെയര്‍ ഇരിങ്ങാലക്കുടയില്‍ ഇന്നു പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗ്രൂപ്പിന്റെ സിഎസ്ആര്‍ വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മാകെയര്‍ ഡയഗ്നോസ്റ്റിക്സ് ആൻഡ് ജെറിയാട്രിക് വെല്‍നെസ് ക്ലിനിക് ഇന്നു രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്യും. മണപ്പുറം ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാര്‍ പദ്ധതി സമര്‍പ്പണം നടത്തും.
നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിക്കും. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എക്സി.ഡയറക്ടര്‍ സുമിത നന്ദന്, തൃശൂര്‍ ഐഎംഎ പ്രസിഡന്റ് ഡോ. ജോസഫ് ജോര്‍ജ്, വൈസ് പ്രസിഡന്റ്് ഡോ. പവന് മധുസൂദനന് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.
സൗത്ത് ബസാര്‍ റോഡില്‍ ചാ മ്പ്യന്‍ ടവറില്‍ 12,000 ചതുരശ്ര അടിയില്‍ നാലുകോടിയോളം രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ക്ലിനിക് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് മണപ്പുറം ഫൗണ്ടേഷന് സിഇഒ ജോര്‍ജ് ഡി. ദാസ് അറിയിച്ചു.
ഡോക്ടേഴ്സ് ക്ലിനിക്ക്, ആയുര്‍വേദ ക്ലിനിക്, ഹോമിയോപ്പതി ക്ലിനിക്, യോഗ, യൂനാനി, ഫിസിയോ തെറാപ്പി, എക്സറേ, ഇ.സി.ജി, പിഎഫ്ടി, അള്‍ട്രാസൗണ്ട് സ്കാന്‍, ഡെന്റല്‍ ക്ലിനിക്, ഐ ക്ലിനിക്ക്, ഫാര്‍മസി, ലാബ് ഹോം കളക്ഷന്‍, മെഡിസിന് ഹോം ഡെലിവറി തുടങ്ങിയ സേവനങ്ങള്‍ മാ കെയര്‍ ക്ലിനിക്കില്‍ ഒരുക്കിയിട്ടുണ്ട്. ബിസിനസ് ഹെഡ് ഐ. ജെറോം, ഫൗണ്ടേഷന് ഓപ്പറേഷന്‍സ് ഹെഡ് എം.പി. രേഖ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.