താത്കാലിക ബണ്ട് നിര്‍മാണം അശാസ്ത്രീയം: റോഡിലേക്ക് ഉപ്പുവെള്ളം കയറുന്നു
1491603
Wednesday, January 1, 2025 6:07 AM IST
വള്ളിവട്ടം: വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് വാര്‍ഡ് 16 ല്‍ കോഴിക്കാട് ഓലപ്പാടത്ത് അശാസ്ത്രീയമായ ബണ്ട് നിര്‍മാണം മൂലം റോഡിലേക്ക് ഉപ്പുവെള്ളം കയറി ഗതാഗതം മുടങ്ങുന്ന അവസ്ഥയായിരിക്കുകയാണ്. കോഴിക്കാട് പ്രദേശത്തെ 300 ല്‍ അധികം വരുന്ന കുടുംബങ്ങളെ തൃശൂര്‍ - കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത്.
പാടത്തുകൂടെ റോഡ് കടന്നു പോകുന്ന ഭാഗത്ത് റോഡ് ഉയര്‍ത്തി കള്‍വര്‍ട്ട് സ്ഥാപിച്ച് നവീകരിക്കുന്നതിനായി 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെങ്കിലും നിര്‍മാണം ഇതുവരെ ആരംഭിച്ചിട്ടില്ല.
പാടത്തെ വെള്ളം പൂര്‍ണമായി വറ്റാതെ നിര്‍മാണം തുടങ്ങാന്‍ കഴിയില്ല എന്നാണു കരാറുകാരന്റെ വാദം. ഇത്തരത്തില്‍ വെള്ളം കയറിയാല്‍ സ്വാഭാവിക രീതിയില്‍ വെള്ളം പൂര്‍ണമായി വറ്റില്ല. ഈ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ ഉപ്പുവെള്ളം കയറി തുരുന്പെടുക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
നാടിന്റെ വികസനവുമായി ബന്ധപ്പെട്ട് നില്ക്കുന്ന ഈ അനിശ്ചിതാവസ്ഥയില്‍ ഉടന്‍ തീരുമാനം അധികൃതര്‍ കൈക്കൊള്ളണമെന്നും ഇത്തരം അവസ്ഥ തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധസമരവുമായി മുന്നോട്ടുവരുമെന്നും കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രശോഭ് അശോകന്, യൂത്ത് കോണ്‍ഗ്രസ് വെള്ളാങ്കല്ലൂര്‍ മണ്ഡലം പ്രസിഡന്റ്് മഹേഷ് ആലിങ്ങല്‍ എന്നിവര്‍ പറഞ്ഞു.