കോന്തിപുലം പാടത്ത് ഇത്തവണയും താത്കാലിക തടയണ
1491395
Tuesday, December 31, 2024 8:15 AM IST
ഇരിങ്ങാലക്കുട: കോന്തിപുലം പാലത്തിനുതാഴെ കെഎല്‍ഡിസി കനാലിനു കുറുകെ സ്ഥിരം തടയണയ്ക്കു ഭരണാനുമതി. കര്‍ഷകരുടെ ആഗ്രഹമാണ് ഇതിലൂടെ യാഥാര്‍ഥ്യമാകാന്‍ പോകുന്നതെന്ന് മന്ത്രി ആര്. ബിന്ദു പറഞ്ഞു.
പദ്ധതിക്കായി 12 കോടി രൂപയുടെ ഭരണാനുമതിയായി. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മുരിയാട് കായലിലെ വെള്ളത്തിന്റെ ഒഴുക്ക് കൃഷിക്ക് അനുയോജ്യമായരീതില് ക്രമീകരിക്കാനാകും. മുരിയാട്, പൊറത്തിശേരി, പറപ്പൂക്കര മേഖലകളിലെ കര്‍ഷകര്‍ക്കു പദ്ധതി ഗുണംചെയ്യും. കോന്തിപുലം പാടത്ത് സ്ഥിരംതടയണ സ്ഥാപിക്കാന്‍ സം സ്ഥാന സര്‍ക്കാര്‍ 12.21 കോടി രൂപ 2023 - 24 വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയിരുന്നു. തുടര്‍ന്ന് വിശദമായ പദ്ധതി രേഖ സമര്‍പ്പിച്ച് നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചാണ് പദ്ധതിക്ക് ഏറ്റവും വേഗത്തില്‍ ഭരണാനുമതി ലഭ്യമാക്കി യതെന്ന് മന്ത്രി പറഞ്ഞു.
സാങ്കേതികാനുമതിക്കാവശ്യമായ നടപടികളും ടെൻഡര്‍ നടപടികളും പൂര്‍ത്തിയാക്കി നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു.
കാര്‍ഷികമേഖലയ്ക്കു ഗുണംചെയ്യും
ഇരിങ്ങാലക്കുട: സ്ഥിരം തടയണ വന്നാല്‍ നഗരസഭ, മുരിയാട്, പറപ്പൂക്കര, വേളൂക്കര, ആളൂര്‍ എന്നിവിടങ്ങളിലായുള്ള 4500 ഏക്കര്‍ കോള്‍പ്പാടങ്ങളിലെ കൃഷിക്ക് ജലസേചനത്തിനായി വെള്ളം നിയന്ത്രിക്കാനാകുമെന്ന് കര്‍ഷകര്‍ പറഞ്ഞു. നിലവില്‍ കൃഷിയാവശ്യങ്ങള്‍ക്കു ജലം സംഭരിക്കുന്നതിനായി വര്‍ഷംതോറും ലക്ഷങ്ങള്‍ ചെലവഴിച്ച് കോന്തിപുലം പാലത്തിനുസമീപം ബണ്ട് കെട്ടുകയാണ് ചെയ്യുന്നത്. ഇതു കര്‍ഷകര്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
നല്ല മഴ പെയ്താല്‍ കിഴക്കന്‍ മേഖലയില്‍നിന്നുള്ള വെള്ളം കോന്തിപുലത്ത് എത്തും. തൊമ്മാന, താഴേക്കാട്, ഇരിങ്ങാലക്കുട, കക്കാട് ഭാഗത്തുനിന്നുള്ള വെള്ളവും ഇവിടെത്തന്നെയാണു സംഭരിക്കപ്പെടുന്നത്. ഇൗവെള്ളം മുഴുവൻ കെഎല്‍ഡിസി കനാലിലേക്കു വരുന്നതോടെ പാടശേഖരങ്ങള്‍ മുങ്ങും. പലപ്പോഴും ജല സംഭരണത്തിനായി കെട്ടുന്ന തടയണ തള്ളിപ്പോകാറുണ്ട്. താത്കാലികമായി നിര്‍മിക്കുന്ന ബണ്ടില്‍ രണ്ടു സ്ഥലത്ത് ഓവര്‍ഫ്ലോ വേണമെന്നു കര്‍ഷകര്‍ നിരന്തരം ആവശ്യപ്പെടുന്നതാണെങ്കിലും കരാറുകാര്‍ സമ്മതിക്കാറില്ല. രണ്ടിടത്ത് ഓവര്ഫ്ലോയ്ക്ക് സ്ഥലമിട്ടാല് കെട്ടിന് ബലം കിട്ടില്ലെന്നാണ് അവരുടെ വാദം.