വരുന്നൂ, ലോകത്തെ നീളംകൂടിയ ബൈബിൾ കൈയെഴുത്തുപ്രതി
1491131
Monday, December 30, 2024 7:31 AM IST
തൃശൂർ: ക്രിസ്തുവിന്റെ ജനനത്തിന്റെ 2025 ജൂബിലി വർഷത്തിൽ തൃശൂർ അതിരൂപത കെസിവൈഎം പ്രവർത്തകരായ 2025 യുവതീയുവാക്കൾ ഒത്തുചേർന്നു ലോകത്തെ ഏറ്റവും നീളംകൂടിയ ബൈബിൾ കൈയെഴുത്തുപ്രതി തയാറാക്കുന്നു. തൃശൂർ പരിശുദ്ധ വ്യാകുലമാതാവിൻ ബസിലിക്കയിലെ പ്രതിഷ്ഠാശതാബ്ദിയെ അനുസ്മരിച്ച് നൂറു കിലോമീറ്റർ നീളത്തിലുള്ള തുണിച്ചുരുളിന്റെ രൂപത്തിലാണു കൈയെഴുത്തുപ്രതി.
ബസിലിക്കയിൽ പ്രത്യാശയുടെ വിശുദ്ധകവാടം തുറന്നതിനോടനുബന്ധിച്ച് ബൈബിൾ പകർത്തിയെഴുതുന്നതിന്റെ ഉദ്ഘാടനം അതിരൂപത മെത്രാപ്പൊലീത്തയും സിബിസിഐ പ്രസിഡന്റുമായ മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. ഈ വർഷം പകുതിയോടെ പൂർത്തിയാകുമെന്നു പ്രതീക്ഷിക്കുന്ന കൈയെഴുത്തുപ്രതിയുടെ ചുരുൾ ബൈബിൾ ടവറിൽ സ്ഥിരമായി സന്ദർശകർക്കായി സ്ഥാപിക്കുമെന്ന് അതിരൂപത കെസിവൈഎം ഡയറക്ടർ ഫാ. ജിയോ ചെരടായി അറിയിച്ചു.
അതിരൂപത കെസിവൈഎം പ്രസിഡന്റ് നിഷാദ് ജോസ്, ജനറൽ സെക്രട്ടറി മേജോ മോസസ് എന്നിവർ പകർത്തിയെഴുത്തിനു നേതൃത്വം നൽകും.
ബസിലിക്കയുടെ വാതിൽ ആശീർവദിച്ചു തുറന്നതിനോടനുബന്ധിച്ച് ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ കാർമികനായി. ബസിലിക്ക റെക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, സഹവികാരി ഫാ. ഫെബിൻ ചിറയത്ത്, ഫാ. ഡിന്റൊ വല്ലച്ചിറക്കാരൻ എന്നിവർ സഹകാർമികരായി. കൈക്കാരന്മാരായ പി.ആർ. ജോർജ്, കെ.ജെ. ജോണി, വി.ആർ. ജോണ്, അബി ചെറിയാൻ എന്നിവർ നേതൃത്വം നൽകി.