കരോൾ ഗാനങ്ങളിലൂടെ ലഭിച്ച പണം നിർധന കുടുംബത്തിന്
1491129
Monday, December 30, 2024 7:31 AM IST
പീച്ചി: തിരുപ്പിറവിയുടെ സന്ദേശം പകരുന്ന കരോൾഗാനങ്ങളുമായി എത്തിയ വിലങ്ങന്നൂർ പള്ളിയിലെ കുട്ടികൾ നൻമയുടെ പുതിയ വെളിച്ചമായി മാറുകയാണ്.
വിലങ്ങന്നൂർ സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിലെ സണ്ഡേസ്കൂൾ കുട്ടികളും യുവജനങ്ങളും അടങ്ങുന്ന കരോൾ സംഘമാണ് കാരുണ്യത്തിന്റെ പുതിയൊരു മാതൃക തീർക്കുന്നത്. ഇടവക വികാരി ഫാ. ആൽബിന്റെ നേതൃത്വത്തിൽ അഞ്ചുദിവസം കരോൾ ഗാനങ്ങളിലൂടെ ഇടവകയിലെ വീടുകളിൽനിന്നുലഭിച്ച സംഭാവന പൂർണമായും നിർധന കുടുംബത്തിന്റെ വീടിന്റെ പുനരുദ്ധാരണത്തിനായി വിനിയോഗിക്കും.
കാരുണ്യത്തിൽ ഈണമിട്ട പാട്ടുകളുമായി തിരുപ്പിറവിയുടെ സന്ദേശംപകരുന്ന ഈ കുട്ടികൾ കാലിത്തൊഴുത്തിൽ പിറന്ന യേശുവിന്റെ സന്ദേശം പ്രവൃത്തിയില്‍ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. കോവിഡ് കാലത്ത് കരോൾ ഗാനങ്ങളുമായി ഇടവകയിലെ വീടുകളിലെത്തി കുടുംബങ്ങൾക്ക് സാന്പത്തികസഹായം നൽകിയതും ശ്രദ്ധനേടിയിരുന്നു.