തിരിച്ചടിച്ച് മേയർ, പാർട്ടിയും തള്ളി; മയപ്പെട്ട് സുനിൽകുമാർ
1490871
Sunday, December 29, 2024 7:10 AM IST
തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ വീട്ടില്‍പോയി ചായ കുടിച്ചയാളാണു തന്നെ വിമര്‍ശിക്കുന്നതെന്നു വി.എസ്. സുനിൽകുമാറിനെക്കുറിച്ച് മേയർ എം.കെ. വർഗീസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മേയറുടെ വീട്ടിലെത്തി കേക്ക് നല്കിയ സംഭവത്തിൽ മേയര്‍ക്കു ചോറ് ഇവിടെയും കൂറ് അവിടെയുമെന്നു സുനിൽകുമാർ പ്രതികരിച്ചിരുന്നു. തുടർന്നായിരുന്നു മേയറുടെ പ്രതികരണം.
സുരേന്ദ്രന്റെ ഉള്ള്യേരിയിലുള്ള വസതിയില്‍ പോയി ചായ കുടിക്കാനും ഭക്ഷണം കഴിക്കാനുമുള്ള ബന്ധം സുനിൽകുമാറിനുണ്ട്. ആ അടുപ്പം അദ്ദേഹം വിശദീകരിക്കട്ടെ. അതുപോലെ അന്തിക്കാടുള്ള സുനില്‍കുമാറിന്റെ വീട്ടിലേക്കു സുരേന്ദ്രനും വന്നിട്ടുണ്ടെന്നു പറയുന്നു. രണ്ടുകാലിലും മന്തുള്ള ആളാണ് ഒരു മന്തന് പോകുന്നുവെന്നു പറയുന്നത്. ഇതങ്ങനെയാണ് യോജിക്കുന്നതെന്ന് എനിക്കു മനസിലാകുന്നില്ലെന്നും മേയർ പരിഹസിച്ചു.
വിഷയത്തില്‍ പാര്‍ട്ടിയും തനിക്ക് എതിരായതോടെ സുനില്‍കുമാര്‍ നിലപാട് മയപ്പെടുത്തി. വിഷയത്തില്‍ വിവാദം ഉണ്ടാക്കാനോ പുതിയ മറുപടിപറയാനോ ആരെങ്കിലും അതിനെക്കുറിച്ച് വീണ്ടും ആവര്‍ത്തിച്ചുപറഞ്ഞാല്‍ മറുപടി പറയാനോ താന്‍ ഉദ്ദേശിക്കുന്നില്ലെന്നു സുനില്‍കുമാര്‍ ഇന്നലെ പ്രതികരിച്ചു. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനില്‍ക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.