കേക്ക് വിവാദം: സുനിൽകുമാറിനെ തള്ളി സിപിഐ
1490870
Sunday, December 29, 2024 7:10 AM IST
തൃശൂർ: ക്രിസ്മസ് കേക്ക് വിവാദവുമായി ബന്ധപ്പെട്ട് മുൻമന്ത്രിയും സിപിഐ നേതാവുമായ വി.എസ്. സുനിൽകുമാർ നടത്തിയ പ്രതികരണം തള്ളി സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്.
കേക്ക് മുറിക്കലിൽ സുനിൽകുമാർ അത്തരമൊരു പ്രതികരണം നടത്തേണ്ടിയിരുന്നില്ല. അദ്ദേഹത്തിന്റേതു വ്യക്തിപരമായ അഭിപ്രായംമാത്രമാണ്. പാർട്ടിയുടെ അഭിപ്രായമല്ല. ആഘോഷവേളകളിലെ സന്ദർശനത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും സെക്രട്ടറി പറഞ്ഞു.
എൽഡിഎഫ് തീരുമാനങ്ങൾക്ക് അനുസൃതമായാണ് കോർപറേഷൻ ഭരണം ഇപ്പോൾ മുന്നോട്ടുപോകുന്നത്. നിലവിൽ മറ്റു പ്രശ്നങ്ങളില്ല. മേയറെ പിന്തുടർന്നു വിമർശിക്കുന്നതു ശരിയല്ല.
ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തു മേയറെടുത്ത നിലപാടിൽ സിപിഐക്കു വിയോജിപ്പുണ്ടായിരുന്നു. എൽഡിഎഫ് നയങ്ങളുമായി ഒത്തുപോകുമെന്നു മേയർ പറഞ്ഞതാണ്.
അതു മേയർ ഇപ്പോൾ തെറ്റിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മേയർക്കെതിരായി സിപിഐക്ക് ഇപ്പോൾ നിലപാടില്ല. പാർട്ടി നിലപാട് സുനിൽകുമാർ മനസിലാക്കുമെന്നും വിഷയത്തിൽ വിശദീകരണം ചോദിക്കേണ്ടതില്ലെന്നും വത്സരാജ് കൂട്ടിച്ചേർത്തു.
നിങ്ങൾക്കു നട്ടെല്ലുണ്ടോ...
സിപിഐയോടു പ്രതിപക്ഷം
തൃശൂർ: നിങ്ങൾക്കു നട്ടെല്ലുണ്ടോ... ഭരണകക്ഷി നേതാവുയർത്തിയ കേക്ക് വിവാദം കൗൺസിലിൽ കത്തിച്ച് പ്രതിപക്ഷനേതാവ് രാജൻ പല്ലൻ.
സുരേഷ് ഗോപിയുടെ വിജയം ആഗ്രഹിച്ച മേയർ, ലോക്സഭാ തെരഞ്ഞെടുപ്പുവേളയിൽ സുരേഷ് ഗോപിയെ ഉയർത്തിക്കാട്ടി പ്രവർത്തിച്ച മേയർക്കുള്ള പിന്തുണ പിൻവലിക്കാൻ സിപിഐയിലെ നാലു കൗൺസിലർമാർക്കു നട്ടെല്ലുണ്ടോയെന്നായിരുന്നു ചോദ്യം. മേയർക്കെതിരേ അവിശ്വാസം കൊണ്ടുവന്നാൽ പിന്തുണയ്ക്കാൻ തയാറുണ്ടോയെന്നും ചോദിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മേയർ എം.കെ. വർഗീസിന്റെ വീട് സന്ദർശിച്ചു കേക്കു നൽകിയ സംഭവത്തിൽ സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ മേയറെ ശക്തമായി വിമർശിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു കൗൺസിലിലെ പ്രതിപക്ഷ പരിഹാസം.
മറുപടിയുമായെത്തിയതു സിപിഎം നേതാവ് പി.കെ. ഷാജനായിരുന്നു. സിപിഐക്കാരുടെ നട്ടെല്ല് പരിശോധിക്കാൻ കോൺഗ്രസുകാർ വരേണ്ടെന്നായിരുന്നു മറുപടി. വിഷയത്തിൽ പാർട്ടി സെക്രട്ടറി നിലപാടു പറഞ്ഞിട്ടുണ്ടെന്നും മേയറെ എതിർക്കേണ്ട വിഷയത്തിൽ എതിർക്കാറുണ്ടെന്നും തങ്ങളുടെകൂടി പിന്തുണയോടെയാണു മേയർ ഭരിക്കുന്നതെന്നും സിപിഐ കൗൺസിലർ സാറാമ്മ റോബ്സൺ പറഞ്ഞു.
കേക്ക് വിവാദം ചർച്ചചെയ്യേണ്ടെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കങ്ങൾ നടത്തണമെന്നുമായി ജോൺ ഡാനിയൽ. പാട്ടുരായ്ക്കൽ സെന്ററിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൗൺസിലർമാരോ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരോ അറിയാതെ നഗരത്തിൽ പലയിടത്തും പരിപാടികൾ നടത്താൻ മേയർ അനുമതിനൽകുന്നതു ശരിയല്ലെന്നു മുകേഷ് കുളപറമ്പിൽ പറഞ്ഞു.
കോർപറേഷനിൽനിന്നു വിരമിച്ച, അന്പതിനായിരത്തോളം രൂപ പെൻഷൻ വാങ്ങുന്ന സിപിഎം പ്രവർത്തകനെ മേയറുടെ പ്രൈവറ്റ് സെക്രട്ടറിയാക്കാനുള്ള അജൻഡ പ്രതിപക്ഷത്തിന്റെ എതിർപ്പിനെതുടർന്നു തള്ളിക്കളഞ്ഞു. വിഷയത്തിൽ സിപിഎമ്മിലെ അഡ്വ. അനസ് അഹമ്മദ്, സിപിഐയുടെ സാറാമ്മ റോബ്സൺ, ജനതാദളിലെ ഷീബ ബാബു എന്നിവരും പ്രതിപക്ഷത്തോടൊപ്പം നിന്നു.
വർഗീസ് കണ്ടംകുളത്തി, ലീല വർഗീസ്, അനീഷ്, ഇ.വി. സുനിൽരാജ്, രാമനാഥൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.