ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പുകൾ സമാപിച്ചു
1490869
Sunday, December 29, 2024 7:10 AM IST
തൃശൂർ: ഹോം ഓട്ടമേഷനിലെ ഐഒടി സാധ്യതകളും ത്രീഡി ആനിമേഷൻ നിർമാണം സാധ്യതകളും പരിചയപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു.
സമാപനത്തോടനുബന്ധിച്ച് കൈറ്റ്സ് സിഇഒ അൻവർ സാദത്ത് ക്യാന്പ് അംഗങ്ങളുമായി ഓണ്‍ലൈനായി ആശയവിനിമയം നടത്തി. വീടുകളിലെ സുരക്ഷാസംവിധാനം ഐഒടി സാധ്യതകളിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോ ടൈപ്പുകൾ തയാറാക്കലാണ് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പിലെ പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾ പൂർത്തീകരിച്ച പ്രോജക്ട്. വീടുകളിലെ ഇലക്ട്രിക്, ഇലക്ട്രോണിക് ഉപകരണങ്ങൾ നിയന്ത്രിക്കാനും, പാചകവാതകചോർച്ച, തീപിടിത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകളും ക്യാമ്പാംഗങ്ങൾ തയാറാക്കി.
ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 86 കുട്ടികളാണ് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തത്. ഇവരിൽനിന്നു മികച്ച പ്രവർത്തനം കാഴ്ചവച്ച എട്ടു കുട്ടികളെ സംസ്ഥാന ക്യാമ്പിലേക്കു തെരഞ്ഞെടുത്തു.