ഇന്ത്യൻ സമ്പദ്ഘടനയുടെ രക്ഷകനായിരുന്നു മൻമോഹൻ സിംഗ്: തേറന്പിൽ
1490868
Sunday, December 29, 2024 7:10 AM IST
തൃശൂർ: വിമർശനങ്ങളും ആക്ഷേപങ്ങളും ഉണ്ടായപ്പോഴും ശാന്തനായി എല്ലാവരെയും കേൾക്കുകയും ദീർഘവീക്ഷണത്തോടുകൂടി തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്ത പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിംഗെന്നു തേറന്പിൽ രാമകൃഷ്ണൻ. ഡിസിസിയിൽ നടന്ന അനുശോചനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തകർന്നുപോയ ഇന്ത്യൻ സമ്പദ്ഘടനയുടെ രക്ഷകനായി മാറിയ മൻമോഹൻ സിംഗ് രാജ്യത്തെ ജനങ്ങൾക്കു സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനുവേണ്ട നിയമങ്ങൾ കൊണ്ടുവന്നു. തൊഴിലുറപ്പുനിയമവും ഭക്ഷ്യസുരക്ഷാനിയമവും വിദ്യാഭ്യാസസംരക്ഷണനിയമവും അദ്ദേഹത്തിന്റെ ഭരണനാളുകളിലെ തിളങ്ങുന്ന അധ്യായങ്ങളാണെന്നും തേറന്പിൽ പറഞ്ഞു.
ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, അനിൽ അക്കര, ജോസഫ് ചാലിശേരി, ടി.വി. ചന്ദ്രമോഹൻ, എം.കെ. പോൾസൺ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, എ പ്രസാദ്, ജോൺ ഡാനിയേൽ, ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.