പൂരം വെടിക്കെട്ടും പ്രതിസന്ധിയിൽ
1490867
Sunday, December 29, 2024 7:10 AM IST
സ്വന്തം ലേഖകൻ
തൃശൂർ: വരാൻ പോകുന്ന തൃശൂർ പൂരത്തിനു വെടിക്കെട്ട് നടത്താൻ പറ്റാത്ത സാഹചര്യം പുതിയ പ്രതിസന്ധിയാകുന്നു. നടക്കാനിരിക്കുന്ന തിരുവമ്പാടി - പാറമേക്കാവ് വേലകൾക്കു വെടിക്കെട്ട് നടത്താനുള്ള അനുമതി നിഷേധിച്ചതോടെയാണ് പൂരം വെടിക്കെട്ട് പ്രതിസന്ധിയിലാകുമെന്ന് ഉറപ്പായത്.
പാറമേക്കാവ്, തിരുവമ്പാടി വേല എഴുന്നള്ളിപ്പുകളോടനുബന്ധിച്ചു നടത്തുന്ന വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എഡിഎം കഴിഞ്ഞദിവസമാണ് ഉത്തരവിറക്കിയത്. പോലീസ്, ഫയർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് എഡിഎം വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരിക്കുന്നത്.
ഈ റിപ്പോർട്ടുകൾ പൂരം വെടിക്കെട്ടിനും വിഘാതമാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. വേലയുടെ ഭാഗമായി വടക്കുന്നാഥ ക്ഷേത്രമൈതാനിയിലാണ് വെടിക്കെട്ട് നടത്താറുള്ളത്. എന്നാൽ കേന്ദ്ര സ്ഫോടകവസ്തുനിയമത്തിലെ പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ വെടിക്കെട്ട് നടത്താനുള്ള സാഹചര്യമില്ലെന്നു ജില്ലാ ഫയർ ഓഫീസർ റിപ്പോർട്ട് നൽകുകയായിരുന്നു. പ്രദർശനസ്ഥലത്തു ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമില്ലാത്തവിധം വെടിക്കെട്ട് പ്രദർശനം നടത്താനുള്ള സാഹചര്യമില്ലെന്നാണ് റിപ്പോർട്ടിൽ.
തൃശൂർ പൂരത്തിന്റെ സാമ്പിൾവെടിക്കെട്ടും പ്രധാന വെടിക്കെട്ടും പകൽപ്പൂരം കഴിഞ്ഞുള്ള വെടിക്കെട്ടും എല്ലാം നടത്തുന്നത് ഇതേ തേക്കിൻകാട് മൈതാനിയിലാണ്. സ്വാഭാവികമായും ഈ വെടിക്കെട്ടുകളും തടസപ്പെടാനും അനുമതി നിഷേധിക്കാനും സാധ്യതകളേറെയാണ്.
വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചതു ഗൗരവമായാണ് കാണുന്നതെന്നും ഈ സ്ഥിതി തുടർന്നാൽ തൃശൂർ പൂരം വെടിക്കെട്ടും ഇല്ലാതാക്കുമെന്നും പാറമേക്കാവ് ദേവസ്വം പ്രതികരിച്ചു. വർഷങ്ങളായി നടന്നുവരുന്ന വേലകളുടെ വെടിക്കെട്ടാണു പാടില്ലെന്നു പറയുന്നത്. ക്ഷേത്രാചാരങ്ങളും പാരമ്പര്യവും തടസപ്പെടുമ്പോൾ ഇടപെടാൻ ആരുമില്ലെന്നും തിരുവമ്പാടി ദേവസ്വവും അഭിപ്രായപ്പെട്ടു.
ആന എഴുന്നള്ളിപ്പ് സംബന്ധിച്ച പ്രതിസന്ധി സുപ്രീം കോടതി ഇടപെടലിനെതുടർന്ന് പരിഹരിച്ചപ്പോഴാണ് ഇപ്പോൾ വെടിക്കെട്ടുപ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ജില്ലയിലെ പ്രധാനപ്പെട്ട പല വെടിക്കെട്ടുകളും പുതിയ ചട്ടഭേദഗതികളുടെ പേരിൽ നിർത്തലാക്കേണ്ടിവന്നിട്ടുണ്ട്. പല വെടിക്കെട്ടുകൾക്കും അനുമതി കിട്ടാനായി കോടതി കയറിയിറങ്ങേണ്ട അവസ്ഥയുമാണ്.
ജനുവരി മൂന്നിനാണ് പാറമേക്കാവ് വേല. നാലിന് തിരുവമ്പാടി ക്ഷേത്രത്തിലെ വേലയും നടക്കും. അനധികൃത വെടിക്കെട്ടുപ്രദർശനം നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സിറ്റി പോലീസ് കമ്മീഷണർ നടപടി സ്വീകരിക്കണമെന്നും എഡിഎമ്മിന്റെ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
പൂരം പ്രദർശനത്തിന്റെ തറവാടക സംബന്ധിച്ച കുടിശികത്തർക്കത്തിനുപിന്നാലെ വെടിക്കെട്ട് നടത്താനുള്ള സാങ്കേതിക തടസങ്ങൾകൂടി വന്നതോടെ ഇത്തവണത്തെ തൃശൂർ പൂരം കൂടുതൽ പ്രതിസന്ധികളിലേക്കു നീങ്ങുകയാണ്. തൃശൂർ എംപിയും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപി ചുമതല ഏറ്റെടുത്ത ഉടൻ കേന്ദ്രത്തിൽനിന്ന് എക്സ്പ്ലോസീവ് ഡിപ്പാർട്ട്മെന്റിലെ വിദഗ്ധരെ തൃശൂരിൽ കൊണ്ടുവന്ന് പൂരം വെടിക്കെട്ട് എങ്ങനെ സുഗമമായി നടത്താം എന്ന കാര്യം ചർച്ചചെയ്യുകയും വെടിക്കെട്ട് നടത്തുന്ന ഡിസ്പ്ലേ ഗ്രൗണ്ട് ആയ വടക്കുന്നാഥക്ഷേത്രം മൈതാനം സന്ദർശിക്കുകയും ചെയ്തിരുന്നു. എന്നാൽ, കേന്ദ്ര സ്ഫോടകവസ്തുനിയമത്തിലെ പുതിയ ഭേദഗതിയുടെ പശ്ചാത്തലത്തിൽ പന്ത് വീണ്ടും കേന്ദ്രത്തിന്റെ കോർട്ടിലേക്കു പോവുകയാണ്.