കൊമ്പഴയിൽ കാറിടിച്ച് കാൽനടക്കാരനു ഗുരുതരപരിക്ക്
1490864
Sunday, December 29, 2024 7:10 AM IST
പട്ടിക്കാട്: ദേശീയപാത കൊമ്പഴയിൽ കാറിടിച്ച് കാൽനട യാത്രക്കാരനു ഗുരുതരപരിക്കേറ്റു. കൊമ്പഴ സെന്റ്് ജോസഫ് പള്ളിയിലെ കപ്യാർ പോളിനാണു പരിക്കേറ്റത്. ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് ഏഴോടെ പാലക്കാടു ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ദേശീയപാത മുറിച്ചുകടക്കുകയായിരുന്ന പോളിനെ തത്തമംഗലം സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ഇടിക്കുകയായിരുന്നു.
ദേശീയപാതയിലെ വെളിച്ചക്കുറവ് മേഖലയിൽ അപകടങ്ങൾക്ക് വഴിയൊരുക്കുന്നതായി നാട്ടുകാർ പറഞ്ഞു. വളവുള്ള പ്രദേശത്ത് ദേശീയപാതയോരത്ത് വളരുന്ന ചെടികൾ കാഴ്ചമറയ്കുന്നതായും പലപ്പോഴും നാട്ടുകാർ ചേർന്ന് പ്രദേശം വൃത്തിയാക്കാറുള്ളതായും അവർ പറഞ്ഞു. പ്രദേശത്ത് വിളക്കുകൾ സ്ഥാപിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.