ചപ്പാത്തിക്കടയിൽ മാസങ്ങൾ പഴക്കമുള്ള മാലിന്യം; കട അടപ്പിച്ചു
1490862
Sunday, December 29, 2024 7:10 AM IST
അരിമ്പൂർ: ദുർഗന്ധം വമിക്കുന്ന രീതിയിൽ മാസങ്ങൾ പഴക്കമുള്ള ഭക്ഷണപദാർഥങ്ങൾ സൂക്ഷിച്ച ചപ്പാത്തി വില്പനക്കട പഞ്ചായത്ത് പൂട്ടിച്ചു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായ ത്ത് അധികൃതരും ആരോഗ്യ വിഭാഗവും ചേർന്ന് നടത്തിയ പരിശോധന യിലാണ് അരിമ്പൂർ ഉഷ സ്റ്റോപ്പിന് സമീപമുള്ള കടക്കെതിരെ നടപടിയെടുത്തത്. ഉടമ അരിമ്പൂർ സ്വദേശിനി ചേന്നാട്ട് രജനിക്ക് 5000 രൂപ പിഴയടക്കാൻ നോട്ടീസും നൽകി.
കടയുടെ പിറകിൽ വലിയ ടാങ്കിൽ വെള്ളത്തിൽ കുതിർന്ന നിലയിലാണു കേടുവന്ന ഭക്ഷണ പദാർഥങ്ങൾ സൂക്ഷിച്ചിരുന്നത്. കടയുടെ ഉൾഭാഗവും വൃത്തിഹീനമായ നിലയിലായിരുന്നു വെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. മുൻപ് ഇവരുടെത്തന്നെ സമീപത്തുള്ള ബേക്കറിയിൽ ചോക്ലേറ്റിൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്തി കട പൂട്ടിച്ചിരുന്നു. അരിമ്പൂർ പഞ്ചായത്ത് സെക്രട്ടറി റെനി പോളിന്റെ നിർദേശ പ്രകാ രമാണ് ഉദ്യോഗസ്ഥർ ചപ്പാത്തി വില്പനക്കട അടപ്പിച്ചത്.
പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ വി.എസ്. കവിത, കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സരേഷ് ശങ്കർ, ജെഎച്ച്ഐമാരായ റീന, നവ്യ എന്നിവർ ചേർന്നാണു പരിശോധന നടത്തിയത്.