കൊടുങ്ങല്ലൂര്‍ - തൃശൂര്‍ സംസ്ഥാന പാത : കോടതി നിയോഗിച്ച കമ്മീഷണര്‍ തെളിവെടുപ്പ് നടത്തി
1490855
Sunday, December 29, 2024 7:10 AM IST
ഇരിങ്ങാലക്കുട: ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെയാണ് തൃശൂർ-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ കെഎസ്ടിപി നിർമാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് കൊടുങ്ങല്ലൂര്‍ മുന്‍സിഫ് കോടതി നിയോഗിച്ച കമ്മീഷന് തെളിവെടുപ്പില്‍ ബോധ്യമായതായി സൂചന. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ കെഎസ്ടിപി നടത്തുന്ന വര്‍ക്ക് പൂര്‍ത്തിയാക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.ടി. സുബ്രഹ്മണ്യന്, പി.കെ. ജസീല്‍ എന്നിവര്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ കോടതി നിയോഗിച്ച കമ്മീഷണര്‍ അഡ്വ. കെ. വൃന്ദ റോഡ് സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു.
തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന ഹൈവേയില്‍ കോണ്‍ക്രീറ്റ് വര്‍ക്ക് നടത്തി 2022ല്‍ പണി പൂര്‍ത്തിയാക്കാന്‍ ആയിരുന്നു കെഎസ്ടിപി കരാര്‍ നല്‍കിയത്. എന്നാല്‍ 35 കിലോമീറ്റര്‍ നടത്തേണ്ട വര്‍ക്കില്‍ 15 കിലോമീറ്റര്‍ മാത്രം ആണ് പൂര്‍ത്തിയാക്കിയത്. റോഡ് വീതി കൂട്ടി നിർമിക്കാനുള്ള നടപടികളുമുണ്ടായില്ല.
റോഡിന് വീതി കൂട്ടുവാന്‍ സ്ഥലങ്ങള്‍ ഏറ്റെടുക്കണമെന്നും ഓരോ വശങ്ങളും ടൈല്‍സ് വിരിക്കണം എന്നും കാനകള്‍ നിര്‍മിക്കണം എന്നും ഡിപിആറില്‍ ഉള്ളതാണ്. കൂടാതെ റോഡ് സൈഡില്‍ നില്ക്കുന്ന ഇലട്രിക്ക് പോസ്റ്റ് മാറ്റിയും കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചും റോഡിനു വീതി കൂട്ടുവാന്‍ ആയിരുന്നു വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടിയില്‍ പറയുന്നത്. എന്നാല്‍ ഈ കാര്യങ്ങളില്‍ ഒന്നും കാര്യമായ പുരോഗതിയുണ്ടായില്ല.
ഈ സാഹചര്യത്തിലാണ് കൊടുങ്ങല്ലൂര്‍ - തൃശൂര്‍ പാസഞ്ചര്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കേസ് പരിഗണിച്ച കോടതി കമ്മീഷനെ നിയോഗിക്കുകയായിരുന്നു. റിപ്പോര്‍ട്ട് കമ്മീഷണര്‍ അടുത്ത ആഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
തെളിവെടുപ്പ് സമയത്ത് ഫോറം ഭാരവാഹികളായ പി.എ. സീതി, പാര്‍ത്ഥസാരഥി, രഞ്ജിത്ത്, അഡ്വ. ഷാനവാസ് കാട്ടകത്ത്, പി.കെ. ജസീല്‍, കെ.ടി. സുബ്രഹ്മണ്യന്, പൊതുപ്രവര്‍ത്തകാരായ മുസമ്മില്‍ അറക്കപ്പറമ്പില്‍, എം.എം. നിസാർ, ജാസ്മിന് ജോയി, ജോയ് കോലംകണ്ണി, വ്യാപാരി വ്യവസായി കൊടുങ്ങല്ലൂര്‍ മണ്ഡലം ചെയര്മാന് കെ.എ. നജാഹ്, അഡ്വ. ദിവ്യ എന്നിവരുമുണ്ടായിരുന്നു.
വാഹനങ്ങള്‍ ഗതാഗത നിയന്ത്രണം
തെറ്റിക്കുന്നതിനാല്‍ കുരുക്കേറുന്നു
ഇരിങ്ങാലക്കുട: തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണം നടക്കുന്ന ഇടത്ത് ഗതാഗത നിയന്ത്രണം തെറ്റിച്ച് വാഹനങ്ങള്‍ സഞ്ചരിക്കുന്നത് ഗതാഗത കുരുക്കുണ്ടാക്കുന്നതായി പരാതി.
വെള്ളാങ്ങല്ലൂര്‍ ഭാഗത്തും ഇരിങ്ങാലക്കുട മാപ്രാണം ഭാഗത്തുമാണ് കോണ്‍ക്രീറ്റ് റോഡ് നിര്‍മാണം നടന്നു വരുന്നത്. ഇവിടങ്ങളിലെല്ലാം തൃശൂരില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഒറ്റവരി ഗതാഗതമാണ് അനുവദിച്ചിട്ടുള്ളത്.
എതിര്‍ദിശയില്‍ നിന്നും കാറുള്‍പ്പടെയുള്ള വാഹനങ്ങള്‍ കയറി വരുന്നത് മൂലം സ്വകാര്യ ബസുള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പലപ്പോഴും വിഘാതം സൃഷ്ടിക്കാറുണ്ട്.
ഇത്തരത്തില്‍ ഗതാഗത നിയന്ത്രണം തെറ്റിക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.