പെരിഞ്ഞനത്ത് വാഹനാപകടം; യാത്രക്കാരായ രണ്ടുപേർക്കു പരിക്ക്
1490853
Sunday, December 29, 2024 7:10 AM IST
കയ്പമംഗലം: ദേശീയപാത 66 പെരിഞ്ഞനം സെന്ററിൽ ഉണ്ടായ വാഹനാപകടത്തിൽ യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ തെക്കുഭാഗത്തു നിന്നും വന്ന ഇന്നോവ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികന്റെ പരിക്ക് ഗുരുതരമാണ്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കാൽനടയാത്രക്കാരനായ നാരായണമംഗലം സ്വദേശി അനിൽകുമാറിനും പരിക്കേറ്റു. ഇരുവരെയും വിവിധ ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഈ സമയം റോഡിലൂടെ നടന്നുപോയ ആളും അപകടത്തിൽപ്പെട്ടു. പാതയോരത്തെ മതിലിൽ ഇടിച്ചാണ് കാർ നിന്നത്.
ദേശീയപാത 66 പെരിഞ്ഞനത്ത് വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. കയ്പമംഗലം പോലീസിന്റെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് ഇടിച്ച വാഹനങ്ങൾ നീക്കിയെങ്കിലും ഭാഗികമായി ഗതാഗതം തടസപ്പെട്ടു.
അപകടത്തിൽ ഇന്നോവയുടെ മുൻഭാഗവും ടൂ വീലർ പൂർണമായും തകർന്ന നിലയിലാണ്.