ഉദയംപേരൂർ പഞ്ചായത്തിന് തീരദേശ പരിപാലന നിയമത്തിൽ ഇളവ്
1532495
Thursday, March 13, 2025 4:59 AM IST
ഉദയംപേരൂർ: തീരദേശ പരിപാലന നിയമത്തിൽ ദൂരപരിധിയിൽ 50 മീറ്ററായി ഇളവനുവദിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പട്ടികയിൽ ഉദയംപേരൂർ പഞ്ചായത്തിനെയും ഉൾപ്പെടുത്തി ഉത്തരവായി.
നേരത്തെ ഇളവ് അനുവദിച്ച തദ്ദേശ സ്ഥാപനങ്ങളുടെ പട്ടികയിൽ ഉദയംപേരൂരിനെ ഉൾപ്പെടുത്താതിനെ സംബന്ധിച്ച് വ്യാപക പരാതിയുയർന്നതിനെ തുടർന്ന് ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദയംപേരൂർ പഞ്ചായത്തിനെയും ദൂരപരിധിയിൽ ഇളവുള്ള പഞ്ചായത്തുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നു.
മുൻപ് ദൂരപരിധി നൂറ് മീറ്ററായിരുന്നതിനാൽ പഞ്ചായത്തിൽ ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കൾക്കടക്കം വീട് നിർമാണത്തിന് അനുമതി ലഭിച്ചിരുന്നില്ല. പഞ്ചായത്തിന്റെ ഭാഗത്തെ അതിർത്തി പൂർണമായും വേമ്പനാട്ടുകായലിനോട് ചേർന്ന് കിടക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്കും ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകളുൾപ്പെടെ നിർമിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പ്രതിസന്ധിക്കാണ് പുതിയ ഉത്തരവോടു കൂടി പരിഹാരമായിരിക്കുന്നത്.