സഹകരണ മേഖലയെ തകര്‍ക്കാന്‍ സിപിഎം ശ്രമം: മുഹമ്മദ് ഷിയാസ്
1532491
Thursday, March 13, 2025 4:59 AM IST
കൊച്ചി: കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് അഭയവും ആശ്രയവുമായിരുന്ന സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇടതു സര്‍ക്കാരും സിപിഎമ്മും നടത്തുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. സഹകരണ ജനാധിപത്യവേദി എറണാകുളം എആര്‍ ഓഫീസിന് മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ പ്രവര്‍ത്തിച്ചുവന്ന പ്രാഥമിക സഹകരണ സംഘങ്ങളെ തകര്‍ക്കുന്ന നിലപാടുകളാണ് അപെക്സ് ബാങ്കായ കേരള ബാങ്ക് സ്വീകരിക്കുന്നത്.
പ്രാഥമിക സംഘങ്ങളെക്കാള് ഉയര്‍ന്ന തോതിലുള്ള കേരള ബാങ്കിന്റെ പലിശ വാഗ്ദാനം സാധാരണക്കാരുടെയടക്കം നിക്ഷേപങ്ങള്‍ തട്ടിയെടുക്കാനും അതുവഴി പ്രാഥമിക സംഘങ്ങളെ തകര്‍ക്കാനുമാണ് സഹകരണ വകുപ്പും സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഷിയാസ് കുറ്റപ്പെടുത്തി.
സഹകരണ ജനാധിപത്യവേദി ചെയര്മാന് സി.എ. ഷാജി അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന്, അജയ് തറയില്‍, ആര്. ഹരി, ബെന്നി കെ. പൗലോസ്, ഇക്ബാല്‍ വലിയവീട്ടില്‍, സുരേഷ് ബാബു, വിജു ചൂളക്കല്‍, മധു പുറക്കാട്ട്, സനല്‍ നെടിയതറ, കെ.വി. ആന്റണി, പനങ്ങാട് സൊസൈറ്റി പ്രസിഡന്റ് ദേവദാസ് എന്നിവർ പ്രസംഗിച്ചു.