വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ സന്പൂർണ ഭവന നിർമാണത്തിനു അഞ്ചുകോടി
1532481
Thursday, March 13, 2025 4:49 AM IST
കോലഞ്ചേരി: വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റിൽ സന്പൂർണ ഭവന നിർമാണ പദ്ധതി നടപ്പാക്കുന്നതിന് അഞ്ചു കോടി വകയിരുത്തി. കടയിരുപ്പ്, വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ മരുന്നു വാങ്ങുന്നതിന് 20 ലക്ഷം രൂപയും സെക്കൻഡറി പാലിയേറ്റീവിനായി 20 ലക്ഷം രൂപയും താൽക്കാലിക ജീവനക്കാർക്ക് ശന്പളം നൽകുന്നതിനായി 12 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.
കാർഷിക മേഖലയിൽ കൂലിച്ചെലവ്, തരിശുഭൂമി കൃഷിയോഗ്യമാക്കൽ, പച്ചക്കറി, മണ്ണ് സംരക്ഷണം, മില്ലറ്റ് ഗ്രാമം തുടങ്ങിയ പദ്ധതികൾക്കായി 24 ലക്ഷം നീക്കിവച്ചു. ശാരിരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിനായി 27 ലക്ഷം രൂപയും ഭിന്നശേഷി കലോത്സവത്തിനു രണ്ടുലക്ഷം രൂപയും ചെലവഴിക്കും. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് 40 ലക്ഷം രൂപ നീക്കിവച്ചു.
പട്ടികജാതി കുട്ടികളുടെ വിജയഭേരി സ്കോളർഷിപ്പ് പദ്ധതിക്ക് 20 ലക്ഷവും പഠന മുറിയ്ക്ക് 10 ലക്ഷവും പട്ടികജാതി ഉന്നതിക്കായി 70 ലക്ഷവും വകയിരുത്തി. കേരളോത്സവത്തിന് 2.5 ലക്ഷവും വജ്ര ജൂബിലി ഫെലോഷിപ്പിന് 5 ലക്ഷവും നീക്കിവച്ചു.
റോഡ് നിർമാണത്തിനും പുനരുദ്ധാരണത്തിനുമായി 1.5 കോടി രൂപ ചെലവഴിക്കും. 17,90,47,782 രൂപ വരവും 17,85,30,500 രൂപ ചെലവും 5,17,282 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അനു അച്ചു അവതരിപ്പിച്ചു. പ്രസിഡന്റ് റസീന പരീത് അധ്യക്ഷത വഹിച്ചു.
അവതരണ യോഗം വാക്പോരിൽ കലാശിച്ചു
കോലഞ്ചേരി : വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരണ യോഗം വാക്പോരിൽ കലാശിച്ചു. കോണ്ഗ്രസ് അംഗമായ വൈസ് പ്രസിഡന്റും ട്വന്റി20 അംഗമായ പ്രസിഡന്റും തമ്മിലാണ് വാക്പോര് നടന്നത്. പുസ്തക രൂപത്തിൽ അച്ചടിച്ച ബജറ്റ് തന്നെ കാണിക്കാതിരുന്നതിനെ പ്രസിഡന്റ് റസീന പരീത് ചോദ്യം ചെയ്തു.
ബജറ്റ് അവതരണം തന്റെ കടമയാണെന്നും അതിനു പ്രസിഡന്റിന്റെ അനുമതി വേണ്ടെന്നുമായിരുന്നു വൈസ് പ്രസിഡന്റ് അനു അച്ചുവിന്റെ മറുപടി. ബ്ലോക്ക് പഞ്ചായത്തിന്റെ രേഖകൾ അച്ചടിക്കുന്ന പ്രസിൽ അല്ല ബജറ്റ് അച്ചടിച്ചതെന്നും അതിൽ വൈസ് പ്രസിഡന്റിന്റെ ചിത്രം വയ്ച്ചുള്ള ആമുഖ കുറിപ്പ് മാത്രം ഉൾപ്പെടുത്തിയതിനെയും പ്രസിഡന്റ് ചോദ്യം ചെയ്തു.
എന്നാൽ സ്ഥിര സമിതിയും ജനറൽ കമ്മിറ്റിയും അംഗീകരിച്ച പദ്ധതികളാണ് അവതരിപ്പിച്ചതെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റിന്റെ നിലപാടിനെ എതിർത്ത് സ്ഥിര സമിതി അധ്യക്ഷരായ ജൂബിൾ ജോർജും (സിപിഎം), ടി.ആർ. വിശ്വപ്പനും (സിപിഐ) രംഗത്തു വന്നു.
ബജറ്റ് അവതരണത്തിനു ശേഷം നടന്ന അനുമോദന പ്രസംഗങ്ങളിൽ വാക്പോര് തുടർന്നതോടെ പ്രസിഡന്റ് യോഗം പിരിയുന്നതായി അറിയിച്ചു. യോഗം നന്ദി പറഞ്ഞ് അവസാനിപ്പിക്കാൻ പ്രസിഡന്റ് പറഞ്ഞതോടെ അത് പറ്റില്ലെന്നും ക്ഷണം സ്വീകരിച്ച് വന്നവരെ കളിയാക്കുന്ന പരുപാടി പറ്റില്ലെന്നും പറഞ്ഞ് കോണ്ഗ്രസ് അംഗങ്ങൾ ബഹളം കൂട്ടിയെങ്കിലും യോഗത്തിന് നന്ദി പറഞ്ഞ് അവസാനിപ്പിച്ചതിനാൽ ക്ഷണിക്കപ്പെട്ട് എത്തിയവർ പിരിയുകയായിരുന്നു