ആലുവ മാർക്കറ്റ് കെട്ടിട സമുച്ചയ പദ്ധതി: വ്യാപാരികൾ ഒഴിയാനുള്ള അന്ത്യശാസനം ഇന്നവസാനിക്കും
1532463
Thursday, March 13, 2025 4:14 AM IST
ആലുവ: പുതിയ മാർക്കറ്റ് കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന് മുന്നോടിയായി പഴയ കെട്ടിടത്തിലെ വ്യാപാരികൾക്ക് ഒഴിഞ്ഞു പോകാനുള്ള രണ്ടാമത്തെ നോട്ടീസിന്റെ കാലാവധി ഇന്നവസാനിക്കും. കേന്ദ്ര സർക്കാർ 50 കോടി രൂപ പദ്ധതിക്കായി അനുവദിച്ചെങ്കിലും വ്യാപാരികൾ ഒഴിഞ്ഞു പോകാത്തതിനെ തുടർന്നാണ് വീണ്ടും നോട്ടീന് നൽകിയത്.
കഴിഞ്ഞ വർഷം ഡിസംബർ 25 ന് ആലുവ പച്ചക്കറി, മത്സ്യ മാർക്കറ്റിലെ 53 കച്ചവടക്കാർക്ക് ഒഴിഞ്ഞു പോകാൻ നഗരസഭ നോട്ടീസ് നൽകിയിരുന്നു. എന്നാൽ വ്യാപാരികളിൽ ഒരാൾ ഒഴികെ എല്ലാവരും കോടതിയെ സമീപിച്ചു. രണ്ടാഴ്ച കൂടി സമയം നൽകാൻ ഹൈക്കോടതി കഴിഞ്ഞ മാസം 27 ന് ഉത്തരവിട്ടു. ഇതിനെ തുടർന്നാണ് മാർച്ച് 13 വരെ സമയം നൽകിയത്. കേസ് 18 ന് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
താത്ക്കാലിക സ്ഥലം തൊട്ടടുത്ത് ഒരുക്കിയിട്ടുണ്ടെന്നും അവിടേക്ക് ഒഴിഞ്ഞ് പോയില്ലെങ്കിൽ ഇനിയൊരറിയിപ്പ് കൂടാതെ തന്നെ പൊളിച്ചു നീക്കുമെന്നാണ് ആലുവ നഗരസഭയുടെ മുന്നറിയിപ്പ്. അതേ സമയം താത്ക്കാലിക മാർക്കറ്റിൽ വൈദ്യുതി, വെള്ളം എന്നിവ ഏർപ്പാടാക്കിയിട്ടില്ലെന്ന് വ്യാപാരികൾ പരാതി പറഞ്ഞു. പദ്ധതിയ്ക്ക് 11 വർഷം മുമ്പ് തറക്കല്ലിട്ടെങ്കിലും പല കാരണങ്ങളാൽ പദ്ധതി നീണ്ടുപോകുകയാണ്.