മകം തൊഴുത് മനം നിറഞ്ഞ് ഭക്തർ
1532488
Thursday, March 13, 2025 4:59 AM IST
ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ ഭക്തസഹസ്രങ്ങൾ മകം തൊഴുത് സായൂജ്യമടഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച മകം തൊഴൽ ദർശനത്തിനായി പതിനായിരങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.
വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ഭക്തർ മകം തൊഴലിനായി ചൊവ്വാഴ്ച വൈകിട്ട് മുതൽ തന്നെ വരികളിൽ സ്ഥാനം പിടിച്ചിരുന്നു. ഇന്നലെ രാവിലെയോടെ റോഡിലിട്ടിരുന്ന തണൽപ്പന്തൽ ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. പതിവ് പോലെ സ്ത്രീജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.
രാവിലെ ശാസ്താമേതയായ ദേവിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഓണക്കുറ്റി ചിറയിലേക്ക് ആറാട്ടിനെഴുന്നള്ളിച്ച് ഇറക്കി പൂജയും പറകൾ സ്വീകരിക്കലിനും ശേഷം തിരിച്ചത്തി വടക്കേ പൂരപ്പറമ്പിൽ മകം എഴുന്നള്ളിപ്പ് നടത്തി. ക്ഷേത്രത്തിലെത്തി ദേവിയേയും ശാസ്താവിനെയും ഇറക്കി എഴുന്നള്ളിച്ചു.
ക്ഷേത്ര തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ശ്രീഭൂതബലിക്കും മറ്റു നിത്യ ചടങ്ങുകൾക്കും ശേഷം അലങ്കാരത്തിനായി അടച്ച ക്ഷേത്രനട രണ്ടിന് തുറന്നതോടെയാണ് മകം തൊഴൽ ആരംഭിച്ചത്. ഭക്തജനങ്ങൾക്ക് രാത്രി 10 വരെ തൊഴലിന് സൗകര്യമൊരുക്കിയിരുന്നു.
ദർശനത്തിനെത്തുന്നവർക്ക് കുടിവെള്ളം, ലഘു ഭക്ഷണം തുടങ്ങിയവ ലഭ്യമാക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ക്രമസമാധാന പരിപാലനത്തിന് വൻ പോലീസ് സേനയെയും നിയോഗിച്ചിരുന്നു. അഗ്നിരക്ഷാ സേന, ആരോഗ്യം റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥരും ദേവസ്വം ജീവനക്കാരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.