ദേശീയപാത വികസനം : റോഡ് പുതിയത്, പൈപ്പ് പഴയത്
1532476
Thursday, March 13, 2025 4:49 AM IST
കോലഞ്ചേരി: കൊച്ചി-ധനുഷ്കോടി ദേശീയപാത വികസനം തകൃതിയായി നടക്കുന്പോഴും വാട്ടർ അഥോറിറ്റിയുടെ കാലപ്പഴക്കം ചെന്ന മണ്ണിനടിയിലെ പൈപ്പ് മാറ്റാത്തത് ആശങ്കയുണർത്തുന്നു.
ദേശീയപാതയുടെ തിരുവാങ്കുളം മുതൽ മുവാറ്റുപുഴ വരെയുള്ള പണികൾ പൂർത്തിയായി വരുന്പോഴും മാമല മുതൽ പെരുവം മൂഴി വരെയുള്ള ചൂണ്ടി വാട്ടർ അഥോറിറ്റിയുടെ കീഴിലുള്ള മൂന്ന് പതിറ്റാണ്ടിന് മേൽ പഴക്കമുള്ള കുടിവെള്ള വിതരണ പൈപ്പുകളാണ് ഇനിയും മാറ്റാതെ നിലനിർത്തുന്നത്. നിലവിൽ ദേശീയ പാത വികസനമായി ബന്ധപ്പെട്ട് പണി തീർത്തു വരുന്ന ഓടകൾക്ക് അടിയിലൂടെയാണ് ഈ പൈപ്പുകൾ കടന്നു പോകുന്നത്.
പഴയ എസി (കോണ്‍ക്രീറ്റ്) പൈപ്പുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. കാലപ്പഴക്കം ചെന്ന ഈ പൈപ്പുകൾ പൊട്ടുന്നത് ഇവിടെ തുടർകാഴ്ചയാണ്. ഇവ മാറ്റി പുതിയ ഡിഐ (അയണ്‍) പൈപ്പുകൾ സ്ഥാപിക്കാത്തത് ഭാവിയിൽ പ്രതിസന്ധി സൃഷ്ടിക്കും.
മാമല മുതൽ പെരുവം മൂഴി വരെ റോഡിന് ഇരുവശത്തുമായി ഏതാണ്ട് 16 കിലോമീറ്റർ നീളത്തിലാണ് പൈപ്പുകൾ. റോഡ് ഉയർത്തി പുതിയ കാനകൾ വന്നതോടെ പഴയ വിതരണ പൈപ്പുകൾ എല്ലാം അടിയിലായി. ഭാവിയിൽ പഴകിയ എസി പൈപ്പുകൾ പൊട്ടിയത് എവിടെ എന്നുപോലും കണ്ടുപിടിക്കാൻ പ്രയാസമാകും.
ഇതു സംബന്ധിച്ച് പരാതികൾ എംഎൽഎയ്ക്കും ജില്ലാ കളക്ടർക്കും വാട്ടർ അഥോറിറ്റി എംഡിക്കും നല്‍കിയിട്ടുണ്ടെന്നും എന്നാൽ ഉചിതമായ മറുപടി ഒന്നും ഉണ്ടായിട്ടില്ലെന്നും അധികൃതർ പറയുന്നു.