കഞ്ചാവുമായി വിദ്യാർഥികൾ പിടിയിൽ
1532493
Thursday, March 13, 2025 4:59 AM IST
നെടുമ്പാശേരി: തടിക്കൽകടവ് പാലത്തിന് സമീപം കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർഥികൾ പിടിയിലായി. കോളജ് വിദ്യാർഥികളായ യുവാക്കളാണ് പിടിയിലായത്. ആലുവ വെസ്റ്റ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. കഞ്ചാവ് വിൽപനയ്ക്കിടെയാണ് യുവാക്കൾ പിടിയിലായത്. നാട്ടുകാരായ യുവാക്കളാണ് ഇവരെ പിടികൂടിയത്. പിന്നീട് പോലീസിൽ അറിയിക്കുകയായിരുന്നു. ലഹരി മാഫിയ പാലത്തിലും സമീപ പ്രദേശങ്ങളിലും സ്ഥിരമായി തമ്പടിക്കുന്നതായി നാട്ടുകാർ പറയുന്നു.
രാത്രി കാലങ്ങളിൽ പ്രദേശത്തെ ഒഴിഞ്ഞ പറമ്പുകളിലും മറ്റുമായി ഇവർ തമ്പടിക്കുന്നുണ്ട്. പാലത്തിന്റെ ഒരു ഭാഗം ആലുവ വെസ്റ്റ് (ആലങ്ങാട്) പോലീസിന്റെയും മറുഭാഗം ചെങ്ങമനാട് പോലീസിന്റെയും പരിധിയിലാണ്.
ലഹരി മാഫിയക്കെതിരെ വ്യാപകമായ പരാതി ഉയർന്നിട്ടും പോലീസും എക്സൈസ് അധികൃതരും കാര്യമായ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പ്രദേശത്തെ യുവാക്കൾ ചേർന്ന് ലഹരി ഉപയോക്താക്കളെ പിടികൂടുന്നത് ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇവിടെ കഞ്ചാവ് പിടികൂടുന്നത്.