മയക്കുമരുന്നിനെതിരെ കെഎല്‍സിഎ ജീവന് രക്ഷായാത്ര ആരംഭിച്ചു
1532461
Thursday, March 13, 2025 4:14 AM IST
കൊച്ചി: മയക്കുമരുന്നിനെതിരെ കെഎല്‍സിഎ വരാപ്പുഴ അതിരൂപത സംഘടിപ്പിക്കുന്ന ജീവന് രക്ഷാ യാത്രയുടെ വരാപ്പുഴ അതിരൂപതതല ഉദ്ഘാടനം സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ നിര്‍വഹിച്ചു. എറണാകുളം സിഎസിയിലെ കെഎല്‍സിഎ ഓഫീസില്‍ നടന്ന സമ്മേളനത്തില്‍ അതിരൂപത പ്രസിഡന്റ് സി.ജെ. പോള്‍ അധ്യക്ഷത വഹിച്ചു.
കേരള പോലീസ് ആന്റി ഡ്രഗ് അവയര്‍നസ് പ്രോഗ്രാം ഓഫീസറും കൊച്ചി സിറ്റി പോലീസ് സബ് ഇന്‍സ്പെക്ടറുമായ ബാബു ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ആധ്യാത്മിക ഉപദേഷ്ടാവ് ഫാ.മാര്ട്ടിന് തൈപ്പറമ്പില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന പ്രസിഡന്റ് ഷെറി ജെ.തോമസ്, അതിരൂപത ജനറല്‍ സെക്രട്ടറി റോയ് പാളയത്തില്‍, ട്രഷറര്‍ എന്‍.ജെ.പൗലോസ്, സൈമണ്‍ കൂമ്പയില്‍ എന്നിവര്‍ പ്രസംഗിച്ചു.
സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി മാഫിയകള്‍ക്കെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനും യുവതലമുറയെ ഉണര്‍ത്താനുമായി കെഎല്‍സിഎ വരാപ്പുഴ അതിരൂപത സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടിയുടെ രണ്ടാംഘട്ടമാണ് ജീവന് രക്ഷായാത്ര.
ഇതിന്റെ ഭാഗമായി കെഎല്‍സിഎയുടെ യൂണിറ്റ് മേഖലാ തലങ്ങളിലും എറണാകുളം ജില്ലയിലെ വിവിധ കലാലയങ്ങള്‍ കേന്ദ്രീകരിച്ചും ജീവന് രക്ഷായാത്രയും ബോധവല്‍ക്കരണ സെമിനാറുകളും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.