പ്ലാസ്റ്റിക് വിപത്തിനെതിരെയുള്ള ഇൻസ്റ്റലേഷനിൽനിന്ന് കുപ്പികൾ അടിച്ചു മാറ്റിയവർ പിടിയിൽ
1532464
Thursday, March 13, 2025 4:14 AM IST
മരട്: പ്ലാസ്റ്റിക് വിപത്തിനെതിരെയുള്ള ബോധവത്ക്കരണത്തിനായി മരട് നഗരസഭ സ്ഥാപിച്ച തീം മാറ്റിക് സ്റ്റിൽ മോഡലിൽ നിന്ന് പ്ലാസ്റ്റിക്ക് കുപ്പികൾ എടുക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളികളെ മരട് നഗരസഭ ആരോഗ്യവിഭാഗം പിടികൂടി. കുണ്ടന്നൂർ ജംഗ്ഷനിൽ സ്ഥാപിച്ച 20 അടി ഉയരമുള്ള ഇൻസ്റ്റലേഷനിലെ കുപ്പികളാണ് ഇവർ എടുക്കാൻ ശ്രമിച്ചത്.
പ്ലാസ്റ്റിക് ഉൾപ്പെടെ പാഴ് വസ്തുക്കളുടെ ക്രമാതീതമായ ഉപയോഗം മൂലം ഭാവിയിൽ ശുദ്ധജലത്തിൽ പോലും പ്ലാസ്റ്റിക് അംശങ്ങൾ കണ്ടു തുടങ്ങുമെന്ന ആശയം മുൻനിർത്തി കുടിവെള്ള ടാപ്പിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ ഇറങ്ങി വരുന്ന രീതിയിൽ നിർമിച്ച ഇൻസ്റ്റലേഷനിലെ സ്തൂപത്തിൽ സ്ഥാപിച്ച കുപ്പികൾ അഴിച്ചെടുത്ത് ആക്രി പെറുക്കുന്ന തൊഴിലാളികളായ ഇവർ, അവരുടെ ചാക്കിലാക്കുകയായിരുന്നു.
വിവരമറിഞ്ഞ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇതര സംസ്ഥാനക്കാരായ ഇസ്മയിൽ, മിറാജ് എന്നിവരെ പിടികൂടി പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. നഗരസഭ 10,000 രൂപ പിഴയും ചുമത്തി. തുടർന്ന് ഇത് നിർമിച്ച നഗരസഭ കണ്ടിജന്റ് ജീവനക്കാർ വീണ്ടുമെത്തി നശിപ്പിക്കപ്പെട്ട ഭാഗങ്ങൾ പുനർനിർമിച്ചു.