ആലുവ ദേശീയപാത മേൽപ്പാലത്തിനടിയിലെ കൈയേറ്റം പൂർണമായി ഒഴിപ്പിച്ചു
1532456
Thursday, March 13, 2025 4:14 AM IST
ആലുവ: പച്ചക്കറി മാർക്കറ്റിന് മുന്നിൽ തിരക്കേറിയ ബൈപ്പാസ് റോഡിലെ അനധികൃത കൈയേറ്റങ്ങൾ ഇന്നലെ പോലീസ് സഹായത്തോടെ പൂർണമായി പൊളിച്ചു നീക്കി. കഴിഞ്ഞ രണ്ട് മാസമായി ആരംഭിച്ച കൈയേറ്റമൊഴിപ്പിക്കലാണ് ഇന്നലെ പൂർത്തിയായത്. ദേശീയപാത അഥോറിറ്റിയുടെ നോട്ടീസ് മൂന്നാം വട്ടവും കിട്ടിയതോടെയാണ് നഗരസഭ സർവ സന്നാഹങ്ങളുമായി രംഗത്തിറങ്ങിയത്.
ലോട്ടറി കടകളടക്കം 12 കൈയേറ്റങ്ങളാണ് ഇന്നലെ ഒഴിവാക്കിയത്. തട്ടുകടകൾ, സി ക്ലാസ് കടകൾ, പഴക്കടകൾ തുടങ്ങിയവയും എന്നിവയും എടുത്തു മാറ്റി. ദേശീയപാതാ മേൽപ്പാലത്തിനടിയിൽ കൈയേറി സ്ഥാപിച്ചതാണ് ഭൂരിഭാഗവും. ഇനിയും കൈയേറ്റം നടന്നാൽ പിഴ ചുമത്താനും നിയമ നടപടിയിലേക്ക് കടക്കാനും നഗരസഭ ആലോചിക്കുന്നുണ്ട്.
ശിവരാത്രിക്ക് മുമ്പ് അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കാൻ വന്ന വനിതാ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഒഴിപ്പിക്കൽ നടപടി മൂന്നാം വട്ടവും നിർത്തിവച്ചത്. നഗരസഭാ സെക്രട്ടറി പരാതി നൽകിയതിയതോടെ മൂന്ന് കച്ചവടക്കാരെ ആലുവ പോലീസ് അറസ്റ്റും ചെയ്തു.
രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇന്നലെ ആലുവ നഗരസഭ ഉദ്യോഗസ്ഥർ ബൈപ്പാസ് സർവീസ് റോഡിലേയും ബൈപ്പാസ് പാലത്തിന് അടിയിലേയും കൈയേറ്റങ്ങൾ ഒഴിവാക്കിയത്. ചില ജനപ്രതിനിധികളുടെ ഒത്താശയോടെയാണ് ദേശീയപാതയിലെ സർവീസ് റോഡുകൾ കൈയേറി ഗതാഗതം തടസപ്പെടുത്തി അനധികൃത കച്ചവടം നടക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
ആലുവ ടൗണിലേക്ക് കയറുന്നതും പോകുന്നതുമായ എല്ലാ ബസുകളും ഉപയോഗിക്കുന്ന സർവ്വീസ് റോഡിലെ ബസ്സ്റ്റോപ്പുകൾ കൈയേറ്റക്കാരുടെ നിയന്ത്രണത്തിലാണ്. ഇനിയും കൈയേറ്റം ഒഴിപ്പിക്കാനുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
തുടർച്ചയായി സ്ഥലം കൈയേറുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ നഗരസഭ അമാന്തം കാണിക്കുന്നതായി നഗരസഭ തയാറാകുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ബിജെപിയും ദേശീയ പാതാ അഥോറിറ്റിയ്ക്ക് പരാതി നൽകിയിരുന്നു. ഒഴിപ്പിച്ചതിന് ശേഷവും വീണ്ടും അനധികൃത കച്ചവടവുമായി വരുന്നവർക്കെതിരെ കനത്ത പിഴ ഈടാക്കുകയും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.