നാട്യോത്സവം ദൃശ്യകലാവിരുന്ന് നാളെ മുതൽ
1532470
Thursday, March 13, 2025 4:24 AM IST
തൃപ്പൂണിത്തുറ: ഗുരുവന്ദനം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സംസ്കൃത കോളജിന്റെയും ഇന്റർനാഷണൽ കൂടിയാട്ട കേന്ദ്രത്തിന്റെയും സഹകരണത്തോടെ ഗവ. സംസ്കൃത കോളജ് ഓഡിറ്റോറിയത്തിൽ 14 മുതൽ 20 വരെ ദിവസങ്ങളിൽ തൃപ്പൂണിത്തുറ നാട്യോത്സവം ദൃശ്യകലാ വിരുന്ന് സംഘടിപ്പിക്കും.
നാളെ വൈകിട്ട് നാലിന് മിഴാവിൽ പഞ്ചാരിമേളത്തെ തുടർന്ന് അഞ്ചിന് കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ നാട്യോത്സവം ഉദ്ഘാടനം ചെയ്യും. ഡോ. പി.ജി. ശങ്കരൻ അധ്യക്ഷത വഹിക്കും. രാത്രി ഏഴിന് കൂടിയാട്ടം ശൂർപ്പണാങ്കം.
15ന് രാവിലെ 9.30മുതൽ സംവാദ സദസ്, ഉച്ചയ്ക്ക് 2.30ന് മിഴാവിൽ ഇരട്ട തായമ്പക, വൈകിട്ട് നാലിന് പ്രബന്ധക്കൂത്ത് 5.30ന് അമ്മന്നൂർ സ്മൃതി, രാത്രി 7ന് കൂടിയാട്ടം അഭിജ്ഞാന ശാകുന്തളം. 16ന് രാവിലെ 9.30ന് സംവാദ സദസ്, ഉച്ചയ്ക്ക് 2.30ന് പാഠകം, വൈകിട്ട് 5.30ന് കൂടിയാട്ടം കല്യാണ സൗഗന്ധികം. 17ന് വൈകിട്ട് നാലിന് കേളി, 4.30ന് നങ്ങ്യാർകൂത്ത്, 6.30ന് കഥകളി ദക്ഷയാഗം, 18ന് വൈകിട്ട് അഞ്ചിന് കൂടിയാട്ടം കാർത്ത്യായനീ പുറപ്പാട്.
19ന് വൈകിട്ട് നാലിന് സമാപന സമ്മേളനം മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും. ഡോ.എം.വി നാരായണൻ അധ്യക്ഷത വഹിക്കും. തുടർന്ന് നൃത്തസന്ധ്യ. 20ന് വൈകിട്ട് 5ന് സംസ്കൃത നാടകങ്ങൾ കർണഭാരവും ഭാരത ശാകുന്തളവും അരങ്ങേറുമെന്ന് ഗുരുവന്ദനം ട്രസ്റ്റ് ജനറൽ കൺവീനർ ഡോ.കെ.ജി.രാമദാസൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ആർ.വി. വാസുദേവൻ എന്നിവർ അറിയിച്ചു.