ഇടപ്പള്ളി - അരൂർ ആകാശപാത: ഡിപിആറിൽ മാറ്റം
1532490
Thursday, March 13, 2025 4:59 AM IST
കൊച്ചി: ഇടപ്പള്ളി- അരൂർ ആകാശപാതയുടെ (ഉയരപ്പാത) വിശദമായ പദ്ധതി രേഖയിൽ (ഡിപിആർ) മാറ്റംവരും. പാതയുടെ പാലാരിവട്ടം ഭാഗത്തെ നിർമാണത്തിൽ, കാക്കനാട്ടേയ്ക്കുള്ള നിർദിഷ്ട മെട്രോ റെയിൽ കടന്നുപോകുന്നതു കണക്കിലെടുത്തിട്ടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡിപിആറിൽ മാറ്റം വരുത്തുന്നത്.
ഭോപ്പാൽ ആസ്ഥാനമായ ഹൈവേ എൻജിനീയറിംഗ് കൺസൾട്ടന്റിനോടു പുതിയ ഡിപിആർ തയാറാക്കാൻ ദേശീയപാത അഥോറിറ്റി നിർദേശം നൽകി. ഒരു മാസത്തിനുള്ളിൽ പുതിയ ഡിപിആർ തയാറാക്കാനാണു നിർദേശം. പാലാരിവട്ടം ബൈപാസ് ജംഗ്ഷനിലൂടെ കടന്നുപോകുന്ന മെട്രോ പാതയുടെ ഭാഗത്തെ നിർമാണം സംബന്ധിച്ച് നിലവിലുള്ള ആകാശപ്പാതയുടെ ഡിപിആർ തയാറാക്കിയ കൺസൾട്ടന്റിന്റെ നിർദേശങ്ങൾ കാര്യക്ഷമമല്ലെന്നാണ് ദേശീയപാത അധികൃതരുടെ വിലയിരുത്തൽ.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനെ, ഇൻഫോപാർക്കുമായി ബന്ധിപ്പിക്കുന്ന നിർമാണത്തിലിരിക്കുന്ന രണ്ടാം ഘട്ടത്തിലെ മെട്രോ പാതയ്ക്ക് പാലാരിവട്ടം ഭാഗത്തു നിലവിലുള്ള ഫ്ലൈഓവറിന് മുകളിലൂടെയാകും കടന്നുപോകേണ്ടി വരിക.
ഈ പ്രദേശത്തെ ദീർഘകാല വികസനം മുന്നിൽ കാണുന്നതിൽ നിലവിലെ ഡിപിആർ അപര്യാപ്തമാണെന്നാണ് ദേശീയപാത അതോറിറ്റി അധികൃതരുടെ വിലയിരുത്തൽ. മെട്രോ റെയിൽപ്പാതയുടെ ക്രോസ്ഓവറിനുള്ള സൗകര്യം നൽകാൻ എൻഎച്ച്എഐ കൺസൾട്ടന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുണ്ടന്നൂരിലും വൈറ്റിലയിലും സമാന്തര നിർമാണമാണ് അലൈൻമെന്റിൽ നിർദേശിക്കുന്നത്. പാലാരിവട്ടം ബൈപാസ് ജംഗ്ഷനിൽ ഇതു സംബന്ധിച്ച് ഏറ്റവും മികച്ച നിർദേശമാകും കൺസൾട്ടന്റ് പഠിച്ചു തയാറാക്കുക.
കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈബി ഈഡൻ എംപി ദേശീയപാത അഥോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവിനെ സന്ദർശിച്ച് ആകാശപ്പാതയുടെ ഡിപിആറിലെ ആശയക്കുഴപ്പങ്ങളും കാലതാമസവും ചൂണ്ടിക്കാട്ടി നിവേദനം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് ഇപ്പോഴത്തെ നടപടി. ഇടപ്പള്ളി - അരൂർ ആകാശപ്പാത പദ്ധതി വേഗത്തിൽ നടപ്പിലാക്കുമെന്നു ദേശീയപാത അഥോറിറ്റി അധികൃതർ അറിയിച്ചതായി ഹൈബി ഈഡൻ പറഞ്ഞു.