ജനം മഴയും വെയിലും കൊള്ളട്ടെ... ഉപകരണങ്ങള്‍ നശിക്കരുത് : വിചിത്രം, ഈ തീരുമാനം
1532487
Thursday, March 13, 2025 4:59 AM IST
കൊച്ചി: രണ്ടു പതിറ്റാണ്ടിലേറെയുള്ള കാത്തിരിപ്പിനൊടുവില്‍ നഗരത്തിന് ലഭിച്ച ജി സ്മാരകത്തിന്റെ ഉടമസ്ഥര്‍ കൊച്ചി കോര്‍പറേഷനാണെങ്കിലും കാര്യങ്ങള്‍ തീരുമാനിച്ച് നടപ്പാക്കുന്നത് മറ്റ് പലരുമാണോയെന്ന് സംശയിക്കുന്ന നിലയിലാണ് അവിടുത്തെ രീതികള്‍.
ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും സ്മാരകത്തിലെ ഓപ്പണ്‍ എയര്‍ സ്റ്റേജിന് ബുക്കിംഗ് തീരെ കുറയാന്‍ കാരണം ഇത്തരക്കാരുടെ പിടിവാശിയും ദീര്ഘവീക്ഷണമില്ലായ്മയുമാണ്. മേയര്‍ അടക്കം കൗണ്‍സിലര്‍മാര്‍ പോലും ഇത്തരം സമര്ദങ്ങളോടു വഴങ്ങിക്കൊടുക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗത്തിലടക്കം കണ്ടത്.
വെയിലും മഴയും ഏല്ക്കാതെ പരിപാടി നടത്താന്‍ സൗകര്യമില്ലെന്ന ഒറ്റക്കാരണത്താലാണ് ജി സ്മാരകത്തിലെ ഓപ്പണ്‍ എയര്‍ തിയറ്ററിനെ ആളുകള്‍ അകറ്റി നിര്‍ത്തിയത്. സ്മാരകത്തിന്റെ രൂപഭംഗിയില്‍ ആകൃഷ്ടരായി പലരും ഇവിടെ പരിപാടി നടത്താന്‍ ആഗ്രഹിച്ചെങ്കിലും പകല്‍ സമയത്തെ കടുത്ത വെയിലും മഴപ്പേടിയുമൊക്കെ അവരെ പിന്തിരിപ്പിച്ചു. ഓപ്പണ്‍ എയര്‍ തിയറ്ററിന് മുകളില്‍ റൂഫ് നിര്‍മിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തു.
ആവശ്യം അതേപടി പരിഗണിച്ചില്ലെങ്കിലും മേല്‍ക്കൂര സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോര്പറേഷന്. അതുപക്ഷെ സ്റ്റേജിന് മീതെ മാത്രം. എസ്റ്റിമേറ്റാകട്ടെ ആറേകാല്‍ ലക്ഷം രൂപയും. ഇത്രയും തുക ചെലവഴിച്ച് സ്റ്റേജിനു മുകളില്‍ മാത്രം മേല്‍ക്കൂര സ്ഥാപിച്ചാല്‍ പരിപാടി കാണാന്‍ എത്തുന്ന ജനങ്ങള്‍ക്ക് എന്തുപ്രയോജനമെന്നു പ്രതിപക്ഷ കൗണ്‍സിലര്‍ എം.ജി. അരിസ്റ്റോട്ടില്‍ കൗണ്‍സിലില്‍ ചോദിച്ചു. ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്കിയതാകട്ടെ, ഇലക്ട്രോണിക് ഉപകരണങ്ങള്‍ മഴയേറ്റ് നശിക്കാതിരിക്കാനെന്ന വിചിത്ര മറുപടിയും.
സമ്മതം മൂളിയത് മനസില്ലാമനസോടെ
സ്റ്റേജിന് മുകളില്‍ മാത്രമാണെങ്കിലും മനസില്ലാമനസോടെയാണ് റൂഫ് നിര്‍മിക്കാന്‍ സമ്മതിച്ചത്. ഓപ്പണ്‍ എയര്‍ തിയറ്റര്‍ ആശയത്തിലുള്ള നിര്‍മിതിയില്‍ റൂഫ് ഉണ്ടാകില്ല. മേല്‍ക്കൂര നിര്‍മിച്ചാല്‍ രൂപകല്‍പ്പനയില്‍ വിഭാവനം ചെയ്ത ഭംഗി സ്മാരകത്തിന് നഷ്ടമാകും. പരിപാടികള്‍ നടക്കുമ്പോള്‍ സ്റ്റേജില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് മഴയില്‍ കേടുപാട് സംഭവിക്കുമെന്ന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് റൂഫ് നിര്‍മിക്കാനുള്ള ആവശ്യം തന്റെ മുന്നില്‍വന്നത്. ആവശ്യം ന്യായമായതിനാല്‍ അംഗീകരിക്കുകയായിരുന്നു. ശേഷിക്കുന്ന ഭാഗത്ത് ഒരു കാരണവശാലും റൂഫ് നിര്‍മിക്കില്ല.
ജി. ഗോപകുമാര്‍
ആര്‍ക്കിടെക്ട്
ഭംഗികൊണ്ടു മാത്രം എന്തു കാര്യം
പൊതുജനങ്ങള്‍ക്ക് ഗുണകരമാകുന്നിടത്താണ് ഏതൊരു നിര്‍മിതിയും പൂര്‍ണതയില്‍ എത്തുക. എത്ര ഭംഗിയില്‍ നിര്‍മിതി നടത്തിയാലും ജനത്തിന് ഉപകാരമില്ലെങ്കിൽ എന്തു കാര്യം. മേല്‍ക്കൂര സ്ഥാപിക്കണമെന്ന ആവശ്യം രേഖാമൂലം ആര്‍ക്കിടെക്ടിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്. രൂപഭംഗി നഷ്ടപ്പെടുമെന്ന മറുപടിയാണ് അദ്ദേഹത്തില്‍നിന്ന് ലഭിച്ചത്. രൂപഭംഗി നിലനിര്‍ത്തുന്നതോടൊപ്പം സ്മാരകത്തിന്റെ പ്രയോജനം ജനത്തിന് കിട്ടുകയും വേണം.
എം.ജി. അരിസ്റ്റോട്ടില്‍
യുഡിഎഫ് പാര്‍ലമെന്ററികാര്യ നേതാവ് മുഴുവന്‍ ഭാഗത്തും റൂഫ്: സാധ്യത പരിശോധിക്കും
ജി സ്മാരകം എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്നതാകണമെന്നതാണ് കോര്‍പറേഷന്റെ നിലപാട്. ഓപ്പണ്‍ എയര്‍ സ്റ്റേജിനു മുകളില്‍ റൂഫ് സ്ഥാപിക്കുന്നതിനുള്ള പ്രപ്പോസലാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. മുഴുവന്‍ ഭാഗത്തും റൂഫ് നിര്‍മിക്കാന്‍ രൂപകല്‍പ്പനയില്‍ തന്നെ മാറ്റം വരുത്തേണ്ടതായി വരും. അതിനുള്ള സാധ്യതകള്‍ പരിശോധിക്കാം.
അഡ്വ. എം. അനില്‍കുമാര്‍
ജി സ്മാരകത്തിലെ ആക്രമണം; വഴിമുട്ടി അന്വേഷണം
കൊച്ചി: ജി സ്മാരകത്തിന് നേരെ കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ നടത്തിയ ആക്രമണത്തില്‍ വഴിമുട്ടി അന്വേഷണം. സംഭവം നടന്ന സമയവും സ്ഥലത്തിന്റെ പ്രത്യേകതയും അടക്കം ഒട്ടേറെ തടസങ്ങളാണ് അന്വേഷണത്തെ വഴിമുട്ടിച്ചിരിക്കുന്നത്.
പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. രണ്ട് സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും രാവിലെ മാത്രമാണ് അവര്‍ ഈ സംഭവം അറിഞ്ഞത്. ജി സ്മാരകത്തിലേക്കുള്ള വഴിയില്‍ വഴിവിളക്കുകളോ കാമറകളോ ഉണ്ടായിരുന്നില്ല. റോഡില്‍നിന്ന് ഉള്ളിലേക്ക് കയറിയുള്ളതായതിനാല് സംശയകരമായി എന്തെങ്കിലും കണ്ടിരുന്നോ എന്ന് ചോദിക്കാന്‍ പോലും ഇവിടെ ആരും ഉണ്ടായിരുന്നില്ലെന്നും പോലീസ് പറയുന്നു.
നിലവില്‍ റോഡിന് എതിര്‍വശത്തെ ഫ്ളാറ്റുകളിലെ കാമറ ദൃശ്യങ്ങള്‍ ശേഖരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. അതിനും സംശയകരമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജി സ്മാരകത്തോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന മണ്ണുമാന്തിയന്ത്രം കത്തിയമര്‍ന്ന സംഭവത്തിനും മണിക്കൂറുകള്‍ ശേഷമാണ് സ്മാരകത്തിന് നേരെ ആക്രമണം ഉണ്ടായത്. രണ്ടും നടത്തിയത് ഒരു കൂട്ടര് തന്നെയാണോ എന്നതും അന്വേഷിക്കുന്നുണ്ട്.
ആര്‍ക്കും വേണ്ടാത്ത ആംബി തിയറ്റര്‍
പരിപാടികള്‍ക്ക് വാടകയ്ക്ക് നല്കി നഗരസഭയ്ക്ക് വരുമാനം നേടാന്‍ ലക്ഷ്യമിട്ടാണ് സാംസ്കാരിക കേന്ദ്രത്തിന്റെ ഭാഗമായി ആംബി തിയറ്റര്‍ മാതൃകയില്‍ ഓപ്പണ്‍ എയര്‍ സ്റ്റേജ് നിര്‍മിച്ചത്. മനോഹരമായ ഇരിപ്പിടങ്ങളും വിസൃതമായ സ്റ്റേജും ലൈറ്റുകളുമൊക്കെയായി ആരെയും ആകര്‍ഷിക്കുന്നതാണ് ഇത്. എന്നാല്‍ മേല്‍ക്കൂര ഇല്ലാത്തതിനാല്‍ വെയിലും മഴയും കാരണം ആരും ഈ ഇടം പ്രയോജനപ്പെടുത്തുന്നില്ല.
കത്തുന്ന വെയില് കാരണം വേനല്‍ക്കാലത്ത് ബുക്കിംഗ് കുറവായിരുന്നു. മഴ തുടങ്ങിയാല്‍ പിന്നെ അതായി ആശങ്ക. മഴ കുളമാക്കുമെന്ന ആശങ്കയില്‍ പരിപാടികള്‍ക്കായി ഇവിടം ഒഴിവാക്കുകയാണ് പലരും. ഇതോടെ കഴിഞ്ഞ ഒരു വര്‍ഷമായി വേനല്‍ക്കാലത്തും മഴക്കാലത്തും ആര്‍ക്കും ഉപകാരപ്പെടാത്ത ഒരു സ്മാരകമായി മാറിയിരിക്കുകയാണ് ആംബി തിയറ്റര്‍.